IndiaLatest

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി അനില്‍ കുമാര്‍ ലഹോട്ടി ചുമതലയേറ്റു

“Manju”

ന്യൂ ഡല്‍ഹി: റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനും സിഇഒയുമായി അനില്‍ കുമാര്‍ ലഹോട്ടി ചുമതലയേറ്റു. നിയമനം മന്ത്രിസഭാ നിയമന സമിതി അംഗീകാരിച്ചു. ലഹോട്ടി ഇതിനു മുമ്പ് റെയില്‍വേ ബോര്‍ഡില്‍ അംഗമായിരുന്നു.

ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് എഞ്ചിനീയേഴ്സിലെ 1984 ബാച്ചുകാരനായ ലഹോട്ടി, ലെവല്‍17 ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിന്റെ ആദ്യ പാനലില്‍ അംഗമായിരുന്നു. ഗ്വാളിയോറിലെ മാധവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം ഐഐടി റൂര്‍ക്കിയില്‍നിന്ന് മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി.

റെയില്‍വേയില്‍ 36 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ലഹോട്ടി സെന്‍ട്രല്‍, നോര്‍ത്തേണ്‍, നോര്‍ത്ത് സെന്‍ട്രല്‍, വെസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേകളിലും റെയില്‍വേ ബോര്‍ഡിലും വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്‍ട്രല്‍ റെയില്‍വേയുടെ ജനറല്‍ മാനേജരായി പ്രവര്‍ത്തിക്കുകയും വെസ്റ്റേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറിന്റെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കിസാന്‍ റെയിലുകള്‍ ഓടിച്ചതുള്‍പ്പെടെ റെയില്‍വേയുടെ എക്കാലത്തെയും ഉയര്‍ന്ന ചരക്ക് ഗതാഗതവും പാഴ്സല്‍ ട്രാഫിക്കും നേടിയത് അദ്ദേഹം ജനറല്‍ മാനേജറായിരുന്ന കാലയളവിലാണെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ എയര്‍കണ്ടീഷന്‍ ചെയ്ത സബ്‌അര്‍ബന്‍ സര്‍വീസുകളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തതും പരിഹരിച്ചതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

Related Articles

Back to top button