IndiaLatest

സര്‍വ്വം നിറയും ഗുരു

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

“Manju”

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനംചെയ്തു.

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ഹിന്ദി പ്രസംഗത്തിന്റെ പരിഭാഷ

ഈ തീര്‍ത്ഥാടനത്തിന്റെ പുണ്യാവസരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെയും സന്ന്യാസി ശ്രേഷ്ഠരുടെയും അനുഗ്രഹം കൊണ്ടും കൃപകൊണ്ടുമാണ് എനിക്ക് നിങ്ങളോടൊപ്പം ഇവിടെ നില്‍ക്കാന്‍ സാധിക്കുന്നത്. എന്റെ സന്തോഷം വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. ഇവിടെ നിന്ന് എനിക്ക് വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നു. ഞാനാദ്യമായി കേരളത്തിന്റെ ഈ പവിത്രഭൂമിയെ ശിരസു കുനിച്ച്‌ നമിക്കുകയാണ്. ഇവിടെ ജനിച്ച നിരവധി സന്ന്യാസി ശ്രേഷ്ഠരും തത്വചിന്തകരും കവികളും അവരുടെ സാഹിത്യംകൊണ്ട് സമൂഹത്തില്‍ ഉന്നത മൂല്യങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല, സമ്പൂര്‍ണ ഭാരതത്തെയും ഒരു ചരടില്‍ കോര്‍ത്തിണക്കുകയുമുണ്ടായി. ഈ കേരളത്തിലെ കാലടിയെന്ന കൊച്ചുഗ്രാമത്തില്‍ നിന്നു വന്ന ആദിശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ചു എന്നത് മുമ്പു സംഭവിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ തത്വചിന്തയായ അദ്വൈതത്തിലൂടെ മനുഷ്യനും പരമാത്മാവും ഒന്നാണെന്ന, ഇന്നും കാലികമായ ചിന്ത പ്രചരിപ്പിക്കുക മാത്രമല്ല, ഭാരതത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും എല്ലാവരുമൊന്നാണെന്ന സങ്കല്പത്തില്‍ എത്തിക്കുകയും ചെയ്തു.

ശ്രീനാരായണഗുരുദേവനും സാംസ്കാരിക ഏകത്വത്തെ സമൂഹത്തില്‍ പ്രചരിപ്പിച്ച മഹാനാണ്. കേരളത്തിലും ഭാരതത്തിലും മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തും യാത്രചെയ്യുമ്ബോള്‍ നമുക്ക് ഗുരുദേവന്റെ തത്വചിന്തയാല്‍ സ്വാധീനിക്കപ്പെട്ട് ഭാരതീയ ദര്‍ശനങ്ങളോട് താല്‍പര്യമുണ്ടായ ആളുകളെ കാണാന്‍ സാധിക്കും. പ്രിയപ്പെട്ട തീര്‍ത്ഥാടകരേ, നിങ്ങളെ കണ്ട് ഞാന്‍ ഗദ്ഗദമനസ്കനാകുന്നു. നിങ്ങളെല്ലാവരും ഒരേ നിറത്തില്‍, ഒരേ ഭാവത്തിലാണ് ഇവിടെ കൂടിയിരിക്കുന്നത്. നിങ്ങളെല്ലാവരും ഒന്നായി നില്‍ക്കുകയാണ്. ഇത് ഭാരതീയ തത്വചിന്തയുടെ അടിസ്ഥാന സങ്കല്പങ്ങളിലൊന്നായ, മനുഷ്യന്‍ അടിസ്ഥാനപരമായി ഒന്നാണെന്ന തത്വം വിളിച്ചോതുന്നതാണ്. നമ്മുടെ നേട്ടങ്ങളിലും എല്ലാ ഔന്നത്യങ്ങളിലും വച്ച്‌ ഏറ്റവും ശ്രേഷ്ഠം നമ്മുടെ സാംസ്കാരിക പാരമ്ബര്യമാണ്. നമ്മുടേത് ലോകത്തെ ഏറ്റവും പ്രാചീന സംസ്കാരങ്ങളിലൊന്നാണ്. ഇന്ന് ലോകത്തെ നയിക്കുന്ന സിദ്ധാന്തങ്ങള്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ്. ഈ സിദ്ധാന്തങ്ങളെല്ലാം ഭാരതീയമായ തത്വചിന്തയില്‍ കാണാനാകും.

വസുധൈവ  കുടുംബകം : പലപ്പോഴും നമുക്കെതിരെ വരുന്ന ആരോപണം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സങ്കല്‍പ്പങ്ങളെ നമ്മള്‍ അംഗീകരിച്ചിട്ടില്ല എന്നതാണ്. ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ് ഈ സങ്കല്പങ്ങള്‍ നമ്മുടെ തത്വചിന്തയുടെ ഭാഗമായതെന്നു പറയുന്നത് ശരിയല്ല. മറ്റു രാജ്യങ്ങളെപ്പോലെ ഈ സങ്കല്പങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തിനു ശേഷം നമ്മെയും സ്വാധീനിച്ചെന്നത് സത്യമാണ്. എന്നാല്‍ അതിന് മുമ്ബതന്നെ ഇവ ഇവിടെയുണ്ടായിരുന്നു. മാത്രവുമല്ല, പാശ്ചാത്യ രാജ്യങ്ങളില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള തുല്യതയെപ്പറ്റി മാത്രമാണ് ചര്‍ച്ച ചെയ്തതെങ്കില്‍ നമ്മുടെ പൂര്‍വികര്‍ മനുഷ്യനും എല്ലാ ജീവജാലങ്ങളും തമ്മിലുള്ള തുല്യതയെപ്പറ്റി ചര്‍ച്ചചെയ്തിരുന്നു. നമ്മുടെ പൂര്‍വികമായ സാഹിത്യങ്ങളില്‍ ഈ സങ്കല്‍പ്പം കാണാനാവും. എല്ലാ ജീവജാലങ്ങളെയും തുല്യമായി കാണുകയും എല്ലാറ്റിലും ഈശ്വരാംശം ദര്‍ശിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടാണിത്. നമ്മുടെ രാഷ്ട്ര സങ്കല്പം തന്നെ വസുധൈവ കുടുംബകം എന്നതാണ്. അതായത്, ഈ ലോകം മുഴുവന്‍ ഒരു കുടുംബമാണ്. ഇങ്ങനെ സര്‍വചരാചരങ്ങളെയും മനുഷ്യനെയും ഒരു കുടുംബമായി കാണുന്ന കാഴ്ചപ്പാടാണ് നമ്മുടേത്. അതുകൊണ്ടു തന്നെയാണ് നമ്മുടെ ഭാരതത്തെ ലോകം വിശ്വഗുരുവായി കണ്ടുവന്നത്.

സര്‍വം നിറയും ഈശ്വരന്‍ : സമത്വത്തിന്റെ ഉദാഹരണം നമ്മളുടെ പൗരാണിക ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഖണ്ഡ മണ്ഡലാകാരം വ്യാപ്തം ഏവ ചരാചരം എന്നു പറഞ്ഞിട്ടുള്ളത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന കാഴ്ചപ്പാടായിരുന്നു നമുക്ക്. ഋഗ്വേദത്തില്‍ പറഞ്ഞിട്ടുണ്ട് ആരും ചെറുതല്ല, ആരും വലുതുമല്ല, എല്ലാവരും സഹോദരങ്ങളാണ് എന്ന്. ഈ ചിന്ത നമ്മളുടെ സംസ്കാരത്തില്‍ അന്തര്‍ലീനമായ സാഹോദര്യ ചിന്തയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍വചരാചരങ്ങളോടുമുള്ള തുല്യതാഭാവമാണ്, എല്ലാ ഹൃദയത്തിലും ഞാന്‍ വസിക്കുന്നുവെന്ന് ഭഗവാന്‍ പറയുമ്ബോഴും വ്യക്തമാകുന്നത്.

ഈ ആശയം മുറുകെപ്പിടിച്ച്‌, ജൈന, ബൗദ്ധ മതവിഭാഗങ്ങള്‍ മാനവ സാഹോദര്യമുയര്‍ത്തിപ്പിടിച്ചു. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യ സ്വാമികള്‍ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ മനുഷ്യരും, മനുഷ്യനും മറ്റു പ്രാണികളും തമ്മിലുള്ള ഏകത മാത്രമല്ല, മനുഷ്യനും ബ്രഹ്മവും തമ്മിലുള്ള ഏകത കൂടി ഉദ്ബോധിപ്പിക്കുകയുണ്ടായി. ഒരിക്കല്‍ സ്വാമികളുടെ ജീവിതത്തില്‍ ഒരു സംഭവമുണ്ടായി. നിങ്ങളില്‍ പലര്‍ക്കും അത് അറിയാമായിരിക്കാം. ഒരിക്കല്‍ ശങ്കരാചാര്യ സ്വാമികള്‍ കാശിയില്‍വച്ച്‌ അദ്ദേഹത്തിന്റെ മുന്നില്‍ വന്നുപെട്ട ചണ്ഡാളനോട് മാറിപ്പോകാന്‍ പറഞ്ഞു. ചണ്ഡാളന്‍ ചോദിച്ചു : ‘ആരാണ് മാറേണ്ടത്? എന്റെ ശരീരമോ, എന്റെ ആത്മാവോ? ആകാരമുള്ളതോ അതല്ല, നിരാകാരമായതോ?’ ശങ്കരാചാര്യ സ്വാമികള്‍ സ്തബ്‌ധനായി. അദ്ദേഹത്തിന് കാര്യങ്ങള്‍ ബോദ്ധ്യം വരികയും അദ്ദേഹം ആ ചണ്ഡാളനെത്തന്നെ ഗുരുവായി സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന് അതില്‍ നിന്ന് ഒരുകാര്യം ബോദ്ധ്യപ്പെട്ടു. ഈശ്വരന്‍, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും വസിക്കുന്നുവെന്ന്. തുടര്‍ന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ച അദ്വൈത സിദ്ധാന്തം സര്‍വലോക സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലുമുള്ള തത്വചിന്തയെ ഭക്തികാലഘട്ടത്തില്‍ കവികള്‍ സരളഭാഷയില്‍ സാധാരണക്കാര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഛാന്ദോഗ്യോപനിഷത്തിലെ ഒരു വാക്കാണ് ‘ തത്വമസി.’ ജീവന് അതിന്റേതായ ചില അടിസ്ഥാന ഗുണങ്ങളുണ്ടെന്നാണ് ഇതിന്റെ ആന്തരാര്‍ത്ഥം. ബ്രഹ്മത്തിലുള്ള ഗുണങ്ങളുമായി ഇതിന് സമാനതകളുണ്ട്. ഇതില്‍ നിന്ന് മനസിലാക്കേണ്ടത്, ജീവനും ബ്രഹ്മവും അടിസ്ഥാനപരമായി ഒരേഗുണങ്ങള്‍ ഉള്ളവയാണെന്നാണ്.

ഉപനിഷത്തില്‍ ഈശോവാസ്യമിദം സര്‍വം എന്നു പറയുന്നുണ്ട്. ഈശ്വരന്‍ സര്‍വവ്യാപിയാണെന്നാണ് അര്‍ത്ഥം. ഇതില്‍നിന്നൊക്കെ നാം മനസിലാക്കേണ്ടത് ഈശ്വരന്‍ എല്ലാത്തിലും ഒരേപോലെ വസിക്കുന്നുവെന്നും, എല്ലാം തുല്യമാണെന്നുമാണ്. കബീര്‍ദാസും ഗുരുനാനാക്കുമെല്ലാം ഈ തത്വം ആവര്‍ത്തിച്ചിട്ടുണ്ട്. ഗുരുനാനാക് പറഞ്ഞത്, ദൈവം ഭയമില്ലാത്തതും വിദ്വേഷമില്ലാത്തതും സമയകാല പരിധിയില്ലാത്തതുമാണ് എന്നാണ്. ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും തുല്യരാണ് എന്നും ഗുരുനാനാക്ക് പറഞ്ഞു. തുളസീദാസ് തന്റെ രാമചരിത മാനസത്തില്‍ ഭക്തിഭാവത്തില്‍ ഇങ്ങനെ പറഞ്ഞു: എല്ലാറ്റിലും സീതാരാമനുണ്ട്. ഇതും സര്‍വസാഹോദര്യത്തിന്റെ തത്വത്തെയാണ് കാണിക്കുന്നത്.

നരസിംഹ് മേത്തയുടെ വൈഷ്ണവജന എന്ന കവിതയിലും ഇത് പ്രകടമാണ്. മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായി കാണുന്നതാണ് യഥാര്‍ത്ഥ മനുഷ്യത്വം. സര്‍വസാഹോദര്യമാണ് ഇത് വിളിച്ചോതുന്നത്. വൈഷ്ണവജന എന്ന കവിത സ്വാതന്ത്ര്യസമരത്തിനും മഹാത്മാഗാന്ധിക്കും പ്രചോദനമായി. ഭക്തികാലഘട്ടത്തിലെ സന്ന്യാസിമാരുടേയും കവികളുടേയും ചിന്തകള്‍ ഇത്തരത്തില്‍ മനുഷ്യന്റെയും സര്‍വചരാചരങ്ങളുടെയും സമാനതയേയും സഹോദര്യത്തേയും വിളിച്ചോതി. ഈ സങ്കല്പം കേവലം തത്വചിന്ത മാത്രമായിട്ടല്ല പ്രായോഗികവത്‌കരിക്കപ്പെട്ടത്. ആ ഭാവം മനുഷ്യമനസുകളില്‍ ആഴത്തില്‍ വേരോടിപ്പിച്ചു.

ഗുരുനാനാക് ബാലനായിരിക്കെ അദ്ദേഹത്തിന്റെ പിതാവ്, വയലുകളിലെ ധാന്യങ്ങള്‍ കിളികള്‍ ഭക്ഷിക്കുന്നത് തടയാന്‍ അദ്ദേഹത്തെ പറഞ്ഞയച്ചു. ഗുരുനാനാക് കിളികളെക്കണ്ട് അവയെ ഓടിച്ചില്ല. ദൈവം സൃഷ്ടിച്ച പക്ഷികള്‍, ദൈവം തന്ന വയലുകള്‍, കിളികള്‍ വയറുനിറച്ചു ഭക്ഷിക്കട്ടെ ‘ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ സന്യാസിമാരുടെ ജീവിതത്തിലുണ്ട്. അവര്‍ ലോകനന്മയ്ക്കായി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായി. ഞാന്‍ പറയാനുദ്ദേശിച്ചത് ഇതാണ്. ഈ ഉദാഹരണങ്ങള്‍ നിരത്തിയത് അതിനാണ്. പാശ്ചാത്യരാജ്യങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യമെന്ന സിദ്ധാന്തമാണ് വലിയ നേട്ടമായി കണക്കാക്കിയതെങ്കില്‍, ഇവിടെ മനുഷ്യനും ഭൂമിയിലെ സര്‍വജീവജാലങ്ങളും തമ്മില്‍ സമത്വമുണ്ടെന്ന വിഷയം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നു. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമാണ്. അതുകൊണ്ട് നമ്മുടെ പൂര്‍വിക കാലഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസമത്വമുണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ല. അത് നമ്മുടെ സംസ്കാരത്തില്‍ ഇല്ലാത്തതാണ്.

മനുഷ്യപക്ഷത്തെ ഗുരുദേവന്‍ : നമ്മുടെ സംസ്കാരം എന്നും ദുര്‍ബലരുടെയും സത്യത്തിന്റെയും ന്യായത്തിന്റെയും അറിവിന്റെയും പക്ഷത്താണ് നിലനിന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യത്വത്തിന്റെ പക്ഷത്താണ് നിലനിന്നത്. ഈ സത്യമാണ് പത്തൊമ്ബതാം നൂറ്റാണ്ടില്‍ ശ്രീനാരായണ ഗുരുദേവനിലൂടെ പ്രകടമായത്. സുഹൃത്തുക്കളേ, ഒരു കാലഘട്ടത്തില്‍ മനുഷ്യത്വമില്ലാത്ത അവസ്ഥയുണ്ടായി. ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം പ്രത്യേക വിഭാഗത്തിനു മാത്രമായി. സമൂഹത്തിലെ മാന്യതയും ചില പ്രത്യേക വിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകൃതമായി. ആ കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള സന്ന്യാസി ശ്രേഷ്ഠന്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത് സ്വാഭാവികമാണ്. കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങളെന്ന് പറയപ്പെടുന്ന വിഭാഗം- പ്രത്യേകിച്ച്‌ ഈഴവ സമുദായത്തിലെ ആളുകള്‍- ഇത്തരം ഉച്ചനീചത്വങ്ങള്‍ക്ക് വിധേയമായപ്പോള്‍ ഗുരുദേവന്‍ ആ കാലഘട്ടത്തില്‍ ഭാരതീയ സംസ്കാരത്തില്‍ അന്തര്‍ലീനമായ നമ്മുടെ പൗരാണികവും സമ്ബന്നവുമായ ഭക്തിപ്രസ്ഥാനത്തെ പുനരുദ്ധരിച്ചു. അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിക്കാനുള്ള മഹത്തായ പ്രയത്നം നടത്തി.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്‍കിക്കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ജനങ്ങളിലേക്ക്, ‘യത് പിണ്ഡേ തത് ബ്രഹ്മാണ്ഡേ’ എന്ന ചൈതന്യം പ്രചരിപ്പിച്ചു. അതിന്റെ ഫലമായി വിവിധ സാമൂഹിക കാരണങ്ങളാല്‍ മുമ്ബ് ദൈവാരാധനയില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ട ആളുകള്‍ ഗുരുജിയോടൊപ്പം ഭക്തിമാര്‍ഗത്തില്‍ ചേര്‍ന്നതായി നമുക്ക് കാണാം. നമ്മുടെ കാഴ്‌ചപ്പാടില്‍ മനുഷ്യമതം പരമോന്നതമായിരുന്നു. പൂര്‍വികര്‍ പറയുന്നു: ധര്‍മ്മ ഏവ പരം ദൈവം, ധര്‍മ്മ ഏവ മഹാധനം, ധര്‍മ്മ സര്‍വത്ര വിജയി, ഭവതു ശ്രേയസേ നൃണം. അതായത്, ധര്‍മ്മമാണ് ഏറ്റവും വലിയ ദൈവം, ധര്‍മ്മമാണ് ഏറ്റവും വലിയ സമ്ബത്ത്, ധര്‍മ്മമാണ് എല്ലായിടത്തും ജയിക്കുന്നത്. ഈ ധര്‍മ്മം എല്ലാവര്‍ക്കും മോക്ഷം നല്‍കട്ടെ എന്നാണ്.

ഞാന്‍ ഇവിടെ വന്നപ്പോള്‍, ഒരു മാന്യദേഹം എന്നോടു പറഞ്ഞു; മനുഷ്യരില്‍ ദൈവത്തിന്റെ വാസം നമുക്ക് അനുഭവിക്കാന്‍ ശ്രീനാരായണ ഗുരുദേവന്‍ അദ്ഭുതകരമായ ഒരു പരീക്ഷണം നടത്തിയെന്ന്. ഒരു ക്ഷേത്രത്തില്‍ അദ്ദേഹം ദേവതകളുടെ സ്ഥാനത്ത് ഒരു കണ്ണാടി സ്ഥാപിച്ചു. ദൈവത്തെ കാണാന്‍ ക്ഷേത്രത്തില്‍ വരുന്ന ഓരോ ഭക്തനും ദൈവത്തിനു പകരം കണ്ണാടിയില്‍ സ്വയം കാണും. തന്നിലും മനുഷ്യനിലും ദൈവസാന്നിദ്ധ്യമുണ്ട് എന്ന തത്വചിന്തയ്ക്ക് ഇതിലും ലളിതമായ എന്ത് ഉദാഹരണമാണ് അവതരിപ്പിക്കാന്‍ കഴിയുക? തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ ബൃഹത്തായ തത്വചിന്തകളെ ആന്തരികവത്കരിക്കാനുള്ള അതിശയകരവും ലളിതവുമായ മാര്‍ഗം അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളേ, ഞാനായാലും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയായാലും രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാര്‍ത്ഥനയില്‍ പ്രാതസ്മരണയില്‍ ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്നു. ശ്രീനാരായണഗുരു പ്രഭാതത്തില്‍ സ്മരിക്കപ്പെടുന്ന പൂജനീയ വ്യക്തി കൂടിയാണ് . ഈ വിശുദ്ധ തീര്‍ത്ഥാടനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ശിഷ്യര്‍ ശ്രീനാരായണഗുരുവിന് മുന്നില്‍ വെച്ചപ്പോള്‍, ഗുരുജി അവരോടു പറഞ്ഞു, “ഏത് തീര്‍ത്ഥാടനത്തിന്റെയും ലക്ഷ്യം വ്യക്തിയുടേയും സമൂഹത്തിന്റെയും സമഗ്രമായ വികസനവും സമഗ്രമായ അറിവിന്റെ സൃഷ്ടിയുമാകണം.” ഇന്ന് ഇവിടെ ഈ ആത്മീയ ചുറ്റുപാടും ഊര്‍ജ്ജവും കാണുമ്ബോള്‍, ശ്രീനാരായണ ഗുരുവിന്റെ ദൈവികസന്ദേശത്തിന് ശിവഗിരി മഠം ഒരു മൂര്‍ത്തരൂപം നല്‍കിയെന്ന് ഞാന്‍ ബഹുമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു.

വടക്കു ഭാഗത്തുള്ള ശിവനഗരമായ കാശി ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ ബോധത്തിന്റെ ഊര്‍ജം നമുക്ക് നല്‍കുന്നുവെങ്കില്‍, ദക്ഷിണേന്ത്യയില്‍ കേരളത്തിലെ വര്‍ക്കലയിലെ ഈ ശിവഗിരി ഇന്ത്യക്കാര്‍ക്കിടയില്‍ അതേ ബോധം പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കളേ, നമ്മുടെ സംസ്കാരത്തില്‍ വിശുദ്ധ സ്ഥലങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വിശ്വാസത്തിന്റെയും ഊര്‍ജത്തിന്റെയും കേന്ദ്രങ്ങള്‍ എന്നതിലുപരി, സമൂഹത്തിന്റെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിനും തീര്‍ത്ഥാടനങ്ങള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. എപ്പോഴൊക്കെ ഇന്ത്യന്‍ പൊതുസമൂഹം ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടുവോ, അപ്പോഴെല്ലാം ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സന്യാസി ശ്രേഷ്ഠര്‍ സമൂഹത്തിന് അവബോധം നല്‍കി. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനും ശിവഗിരി മഠത്തിലെത്തി ഗുരുദേവന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ച്‌ ജീവിതലക്ഷ്യത്തിലേക്ക് കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറി.

അതുപോലെ ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ എഴുതുന്നു: “ഞാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഈ യാത്രകളില്‍ പല സന്യാസിമാരുമായും മഹര്‍ഷിമാരുമായും സമ്ബര്‍ക്കം പുലര്‍ത്താനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ സ്വാമി നാരായണഗുരുവിനേക്കാള്‍ ആത്മീയമായി ഉന്നതനായ ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു! ആദ്ധ്യാത്മിക നേട്ടത്തില്‍ അദ്ദേഹത്തിനു തുല്യനായ ഒരു വ്യക്തിയെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല, ദിവ്യ തേജസിന്റെ പ്രകാശത്താല്‍ സ്വയം പ്രകാശിക്കുന്ന ആ പ്രസന്നമായ മുഖവും, വിദൂര ചക്രവാളത്തിലെ വിദൂരബിന്ദുവില്‍ നോട്ടം ഉറപ്പിക്കുന്ന ഗാംഭീര്യമുള്ള ആ കണ്ണുകളും ഞാനൊരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ പ്രസ്താവന തീര്‍ച്ചയായും ഇന്ത്യന്‍ സാംസ്കാരിക പാരമ്ബര്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രാധാന്യം അടിവരയിടുന്നു.

കലിയുഗത്തിലെ സംഘശക്തി: സുഹൃത്തുക്കളേ, സാധാരണക്കാരില്‍ ആധുനിക അവബോധം പരത്താന്‍ ശുചിത്വം, വിദ്യാഭ്യാസം, കൃഷി, വ്യാപാരം, വാണിജ്യം, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ നാം ശ്രദ്ധിക്കണമെന്നു പറഞ്ഞ് ശിവഗിരി തീര്‍ത്ഥാടനത്തിന് ഉത്തരവിട്ടത് ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണമാണ്. ഗുരുജിയുടെ കൃപയാലും ബഹുമാന്യരായ സന്യാസിമാരുടെ അനുഗ്രഹത്താലും നമ്മുടെ സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഏകീകൃതശക്തിയിലൂടെ മാത്രമേ ഏതൊരു സമൂഹത്തിന്റെയും പുരോഗതി സാദ്ധ്യമാകൂ എന്നായിരുന്നു ഗുരുജിയുടെ സന്ദേശം. ഇങ്ങനെ പറയുന്നതിലൂടെ ഗുരുജി ‘സംഘേ ശക്തി കലിയുഗേ’യുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുന്നു. പല കാലങ്ങളില്‍ പലതിനും ശക്തിയുണ്ടെന്ന് പറയാറുണ്ട്. സത്യയുഗത്തില്‍ വിജ്ഞാനശക്തിയും, ത്രേതായുഗത്തില്‍ മന്ത്രശക്തിയും പ്രധാനമായിരുന്നു. ദ്വാപരയുഗത്തില്‍ യുദ്ധശക്തിയാണ് പ്രധാനം. കലിയുഗത്തില്‍ സംഘശക്തി, അതായത് സംഘടനാശക്തി വളരെ പ്രധാനമാണ്. ഗുരുജിയുടെ ഈ ഉപദേശം നാം ഉള്‍ക്കൊള്ളണം, എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിലകൊള്ളുകയാണെങ്കില്‍, ആഗോളതലത്തില്‍ നാം ഒരിക്കല്‍ക്കൂടി വിശ്വഗുരുവായി കാണപ്പെടും.

വിദ്യാഭ്യാസത്തെ അടിസ്ഥാന ആവശ്യമെന്നാണ് ഗുരുദേവന്‍ വിശേഷിപ്പിച്ചത്. സ വിദ്യ യാ വിമുക്തയേ എന്ന് നമ്മുടെ പ്രാചീന ഗ്രന്ഥങ്ങളിലും എഴുതിയിട്ടുണ്ട്. അതായത്, ജ്ഞാനം ഒരു മനുഷ്യനെ മോചിപ്പിക്കുന്നതാണ്. വിദ്യാഭ്യാസം പ്രബുദ്ധതയിലേക്ക് നയിക്കുന്നു, സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു. സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതുപോലെ തന്നെ, ചൂഷണം ചെയ്യപ്പെട്ടവരുടെയും പുറത്താക്കപ്പെട്ടവരുടെയും വിമോചനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. സമൂഹത്തിലെ പിന്നാക്കക്കാരും താഴ്ന്ന വിഭാഗക്കാരുമായ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയില്‍, മരങ്ങളുടെ ഇലകളുടെ ഉദാഹരണം നല്‍കിക്കൊണ്ട്, മഹാത്മാഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്:

ഒരു വൃക്ഷത്തിന് ധാരാളം ഇലകളുണ്ടല്ലോ. അവയെല്ലാം ഒരുപോലെ വലിപ്പമുള്ളതായിരിക്കണമെന്നില്ല, അത് വലുതോ ചെറുതോ ആകാം. അതുപോലെ, സമൂഹത്തിലെ എല്ലാ ആളുകളും തുല്യരായിരിക്കണമെന്നില്ല, അവര്‍ വലുതോ ചെറുതോ ആകാം. ഇതിന് ശ്രീനാരായണ ഗുരുജി നല്‍കിയ മറുപടി തീര്‍ച്ചയായും അദ്ദേഹത്തിന്റെ ബുദ്ധിയുടെ ഒരു ഉദാഹരണം മാത്രമല്ല, ഇന്ത്യന്‍ സംസ്കാരത്തിന്റെ മുഴുവന്‍ സത്തയും ഉള്‍ക്കൊള്ളുന്നു. ഇലകളുടെ വലിപ്പം വ്യത്യസ്തമാണെങ്കിലും അവയ്‌ക്കെല്ലാം ഒരേ രുചിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരേ സ്രവം വ്യത്യസ്ത ആകൃതിയിലുള്ള ഇലകളിലൂടെ ഒഴുകുന്നതുപോലെ, വ്യത്യസ്ത ജാതികളില്‍പ്പെട്ടവരെന്ന് പറയപ്പെടുന്ന ആളുകള്‍ ഒരേ യാഥാര്‍ത്ഥ്യത്തിന്റെ പ്രകടനങ്ങളാണ്.

എത്ര അദ്ഭുതകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ ഈ തത്വശാസ്ത്രം ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും സമൂഹത്തില്‍ പ്രചരിപ്പിക്കുകയും വേണം. വ്യവസായത്തിലൂടെ അഭിവൃദ്ധി എന്ന അദ്ദേഹത്തിന്റെ പ്രസംഗമാണ്, ആത്മനിര്‍ഭര്‍ ഭാരത് എന്ന ഭാരത സര്‍ക്കാരിന്റെ സങ്കല്‌പത്തിന്റെ അടിസ്ഥാനം. കഠിനാദ്ധ്വാനവും സംരംഭവും കാരണം ഇന്ത്യ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളിലൊന്നാണ്. ഇന്ന് ലോകം നമ്മുടെ സൈനികശക്തിയെ അംഗീകരിക്കുന്നു. ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ സ്വാശ്രയത്വം, ശ്രീനാരായണ ഗുരുജി തന്റെ അദ്ധ്യാപനങ്ങളിലൂടെ അത് ജനങ്ങളിലേക്കെത്തിച്ചു. അത് തുടര്‍ച്ചയായി മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ന് ശിവഗിരി മഠവും പ്രവര്‍ത്തിക്കുന്നു. ഗുരുജി ആധുനികതയെ അനുകൂലിക്കുക മാത്രമല്ല, ഇന്ത്യയുടെ പ്രാചീന സംസ്കാരവും ആധുനികതയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിറുത്താന്‍ സന്ദേശം നല്കുകയും ചെയ്തു.

ആത്മാവിന്റെ  സംരക്ഷകര്‍ : നാം പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ യാത്രയിലൂടെ വര്‍ഷം ആരംഭിക്കുന്നത് തീര്‍ച്ചയായും ഇവിടെയുള്ള എല്ലാ ഭക്തജനങ്ങള്‍ക്കും അവിസ്മരണീയവും പ്രചോദനാത്മകവുമായ നിമിഷമായിരിക്കും. ഇവിടെ സന്നിഹിതരായ എല്ലാ ഭക്തജനങ്ങളെയും ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുകയും ഈ തീര്‍ത്ഥാടനത്തിന്റെ മഹത്തായ വിജയത്തിനായി ആശംസിക്കുകയും ചെയ്യുന്നു. ശിവഗിരി മഠം ഈ നല്ല അവസരത്തില്‍ എന്നെ ഇവിടെ ക്ഷണിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. സ്ഥാപന മേധാവി ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദജി ഇവിടെയുണ്ട്. നിങ്ങളോടൊപ്പം ഞാന്‍ യഥാര്‍ത്ഥ മനസിന്റെ സന്തോഷം അനുഭവിക്കുന്നു. ഈ സംഘടനയിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംരക്ഷണത്തിനായി നിങ്ങള്‍ ചെയ്യുന്ന അര്‍പ്പണബോധത്തെ ഞാന്‍ വിലമതിക്കുന്നു.

ഏതൊരു രാജ്യവും ഒരു നിശ്ചിത ഭൂപ്രദേശം, പരമാധികാര ജനസംഖ്യ, ഭരണകൂടം, അതിന്റെ സംസ്കാരം എന്നിവയാല്‍ നിര്‍മ്മിതമാണ്. ഞാന്‍ രാജ്യത്തിന്റെ പ്രതിരോധമന്ത്രിയാണ്. എന്റെ സൈനികരുടെ ധീരതയുടെയും കഴിവുകളുടെയും ബലത്തില്‍ രാജ്യത്തിന്റെ ഭൗതിക അതിര്‍ത്തികളുടെ സുരക്ഷ ഞാന്‍ എങ്ങനെ പരിപാലിക്കുന്നു, അതുപോലെതന്നെ നിങ്ങളുടെ ശക്തിയും ഞാന്‍ മനസിലാക്കുന്നു. നിങ്ങളെന്ന സന്ന്യാസി സൈനികരില്‍ ദൃഢത, സംസ്കാരം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എന്നിവ കാണുന്നു. ഞാന്‍ രാജ്യത്തിന്റെ ശരീരത്തെ സംരക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെയാണ് സംരക്ഷിക്കുന്നത്.

ശരീരവും ആത്മാവും സുരക്ഷിതമായിരിക്കുമ്ബോള്‍ മാത്രമേ ഒരു രാജ്യത്തിന് നിത്യത വരെ നിലനില്‍ക്കാന്‍ കഴിയൂ. ഇതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്താല്‍ സമൂഹത്തിലെ അവസാനത്തെ മനുഷ്യനിലേക്ക് എത്തിച്ചേരാനുള്ള അദ്ദേഹത്തിന്റെ ദര്‍ശനം നിറവേറ്റാന്‍, നമുക്കെല്ലാവര്‍ക്കും പ്രചോദനം ലഭിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഗുരുദേവന്റെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ, ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ അഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി, ശ്രീ ഗുരുഭ്യോ നമഃ!

(പരിഭാഷ: അഡ്വ.വി.പി ശ്രീപത്മനാഭന്‍, ബി.ജെ.പി സംസ്ഥാനസമിതി അംഗം)

കടപ്പാട് : കൗമുദി ഓണ്‍ലൈന്‍

Related Articles

Back to top button