
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താന്‍’ പ്രത്യേക രസീത് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി പ്രത്യേകമായി എന്തെങ്കിലും സാധനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍, അതിനായി പ്രത്യേക രസീതും നല്‍കണം. ഇത് സംബന്ധിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ജനുവരി മുതല്‍ ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിന്റെ മുഴുവന്‍ സബ്സിഡി തുകയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്നും റേഷന്‍ കടകളിലെ ഇപോസ് മെഷീനില്‍ നിന്ന് പ്രിന്റ് ചെയ്യുന്ന രസീതില്‍ രേഖപ്പെടുത്തും. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷനുകളുടെ പ്രത്യേക ബയോമെട്രിക് ഡാറ്റാ ശേഖരണം റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഇപോസ് മെഷീനില്‍ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
നിലവില്‍, മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് സാധാരണ റേഷന്‍ ലഭിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും റേഷന്‍ കടകളിലെ ഇ പോസ് മെഷീനില്‍ രണ്ടു തവണയായി വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു. ഇ പോസ് ശൃംഖലയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ‘അന്നവിതരണ്‍’ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള സെര്‍വര്‍ വഴി റേഷന്‍ വിതരണത്തിന്റെ വിവരങ്ങള്‍ നേരിട്ട് കേന്ദ്രത്തിന് ശേഖരിക്കാനാണ് ഇത് ആരംഭിച്ചത്.