Uncategorized

രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ; കേരളത്തിന്റെ അഭിമാനമായി ആദിത്യ

“Manju”

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ നല്‍കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. കൊല്ലം പോരുവഴി ഏഴാംമൈല്‍ സ്വദേശികളായ ടികെ സുരേഷ്രഞ്ജിനി ദമ്പതികളുടെ ഇളയ മകനാണ് പുരസ്‌കാര നേട്ടത്തിന്റെ നെറുകയിലെത്തിയ ആദിത്യ. കലാരംഗത്തെ മികവിനാണ് ആദിത്യയെ പുരസ്കാരം തേടിയെത്തിയത്.

ഗുരുതരരോഗത്തെ അതിജീവിച്ചുകൊണ്ട് സംഗീതത്തില്‍ മികവു തെളിയിച്ചതിനാണ് പതിനഞ്ചുകാരനായ ആദിത്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നാല് വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ആദിത്യ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പദ്യപാരായണത്തില്‍ എ ഗ്രേഡും സ്വന്തമാക്കിയിരുന്നു.

കുന്നത്തൂര്‍ ബിജിഎസ് അംബികോദയം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അറുനൂറോളം വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുള്ള ആദിത്യ സോഷ്യല്‍ മീഡിയയിലും താരമാണ്. അസ്ഥികള്‍ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്ട എന്ന അപൂര്‍വ ജനിതകരോഗത്തോടെയാണ് ആദിത്യയുടെ ജനനം. 4 വയസ്സുവരെ എഴുന്നേറ്റിരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ ഇരുപതിലേറെ തവണയാണ് ആദിത്യയുടെ എല്ലുകളൊടിഞ്ഞു നുറുങ്ങിയത്. അമര്‍ത്തി തൊട്ടാലോ കെട്ടിപിടിച്ചാലോ ഒടിയുന്ന എല്ലുകളുമായി വേദനയോടു പൊരുതിയാണ് കലാരംഗത്ത് ആദിത്യ ഉന്നതിയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ മുമ്പും ആദിത്യയെ തേടിയെത്തിയിട്ടുണ്ട്.

അഞ്ച് വയസു മുതല്‍ 18 വയസ് വരെയുളളവര്‍ക്കാണ് പ്രധാന്‍ മന്ത്രി ബാല പുരസ്‌കാരം നല്‍കുന്നത്. കായികം, കല സംസ്‌കാരം, പാണ്ഡിത്യം, സാമൂഹ്യ സേവനം, ധീരത തുടങ്ങിയ ആറ് വിഭാഗങ്ങളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നവര്‍ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം.

ക‍ഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ചടങ്ങില്‍ 11 കുട്ടികള്‍ക്കാണ് രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്. കുട്ടികള്‍ രാജ്യത്തിന്റെ അമൂല്യ സ്വത്താണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അവരുടെ ഭാവി മികച്ചതാക്കാനുളള ഏത് ശ്രമവും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി ശോഭനമാക്കുന്നതാണ്. പുരസ്‌കാര ജേതാക്കളില്‍ പലരും ചെറുപ്രായത്തില്‍ തന്നെ അജയ്യമായ ധീരത കൊണ്ട് അത്ഭുതപ്പെടുത്തിയവരാണെന്നും ഇവര്‍ രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും യുവജനതയ്ക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ച് പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.

 

Related Articles

Check Also
Close
Back to top button