Uncategorized

കാലദേശ ജാതി മത വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ക്കതീതമായ സമൂഹസൃഷ്ടിയുടെ നവപരീക്ഷണശാലയാണ് ശാന്തിഗിരി – പ്രൊഫ.ഡോ.ഗോപിനാഥന്‍ പിള്ള

“Manju”

സാഞ്ചി (ഭോപ്പാല്‍) : കാലദേശ ജാതി മത വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ക്കതീതമായ സമൂഹസൃഷ്ടിയുടെ ഒരു നവപരീക്ഷണശാലയാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനവും ഗുരുസ്ഥാപിച്ച ശാന്തിഗിരി ആശ്രമവുമെന്ന് പ്രൊഫ.ഡോ. ഗോപിനാഥന്‍ പിള്ള. ഭോപ്പാലിലെ സാഞ്ചി യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന ധര്‍മ്മ ധര്‍മ്മ ത്രിദിന അന്താരാഷ്ട്രാ സമ്മേളനത്തില്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലോകൂടിയായ അദ്ദേഹം. പൗരസ്ത്യ മാനവീകതയും മനുഷ്യസമൂഹം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനമാര്‍ച്ച് മൂന്നിന് ഇന്ത്യയുടെ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

പാശ്ചാത്യ മാനവീക സിദ്ധാന്തങ്ങളും പൗരസ്ത്യ മാനവീക സിദ്ധാന്തങ്ങളും പ്രാവര്‍ത്തികമാക്കപ്പെടാതെ പോയ രണ്ട് സിദ്ധാന്തങ്ങളാണെന്നും ഇന്ന് കാല അനുഭവത്തില്‍ മനുഷ്യസമൂഹം തിരിച്ചറിയുന്നുവെന്നും പ്രൊഫ.ഡോ. ഗോപിനാഥന്‍ പിള്ള ചൂണ്ടിക്കാട്ടി. മതേതരത്ത്വത്തിലും മനുഷ്യന്‍ എന്ന അസ്തിത്വത്തിലും ഊന്നിക്കൊണ്ട് സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ജന്മാവകാശമാണെന്നും, പരസ്പരം ഈ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഒരു സാമൂഹ്യക്രമമാണ് പാശ്ചാത്യ മാനവീകത മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു. സകല മനുഷ്യരും ജീവജാലങ്ങളും ഒരേ ഈശ്വരചൈതന്യത്തിന്റെ പ്രതിഫലനമാണ, മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു, ആയതിനാല്‍ സ്നേഹവും കരുണയും ധര്‍മ്മവും ഒരു സൂമൂഹ്യക്രമമായാണ് പൗരസ്ത്യ ഭാരതീയ ദര്‍ശനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ സീമകളില്ലാതെ വളരുന്ന മനുഷ്യന്റെ ആര്‍ത്തിയും സ്വാര്‍ത്ഥതയും ലോകമെമ്പാടും പടരുന്ന അക്രമവും യുദ്ധവും നമ്മെപഠിപ്പിക്കുന്നത് നിലവിലിരിക്കുന്ന സംഘടിത മതങ്ങളുടേയും സിദ്ധാന്തങ്ങളുടെയും പരാജയങ്ങളെയാണ്. പൗരസ്ത്യ മാനവീകതയുടെ അടിസ്ഥാനവും ഊര്‍ജ്ജസ്രോതസ്സുമായിരുന്നത് ഗുരുശിഷ്യപരമ്പരയിലൂന്നിയ ആത്മജ്ഞാന പാരമ്പര്യമായിരുന്നു. അതിന് കാലാനുസൃതമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അതനുസരിച്ചുള്ള ജീവിതരീതിയും കാഴ്ചപ്പാടും പുലര്‍ത്തുന്ന ഒരു സമൂഹസൃഷ്ടിയാണ് നമുക്കിന്നാവശ്യം, അതാണ് ശാന്തിഗിരിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ധര്‍മ്മ ധര്‍മ്മ കോണ്‍ഫറന്‍സ് 2023 ല്‍ നിന്ന്

 

Related Articles

Back to top button