KeralaKozhikodeLatest

വടകരയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

“Manju”

വി.എം.സുരേഷ്കുമാർ

വടകര: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന ബുധനാഴ്ച വിജയാഹ്ലാദ പ്രകടനങ്ങള്‍ക്ക് വടകരയില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലും പരിസരങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചു. ശ്രദ്ധയില്‍ പെട്ടാല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കും. വൈകിട്ട് ആറിന് ശേഷം വിജയാഹ്ലാദ പ്രകടനം അനുവദിക്കുന്നതല്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ വിജയാഹ്ലാദ പ്രകടനം പാടില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പരിശോധക്ക് ശേഷം ഏജന്റുമാര്‍ പ്രവേശിച്ചാല്‍ പിന്നീട് പുറത്തു പോവാന്‍ അനുവദിക്കില്ല. പുറത്തു പോയാല്‍ തിരികെ പ്രവേശിപ്പിക്കില്ല. ഏജന്റുമാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.

നഗരസഭയിലൊ പഞ്ചായത്തിലൊ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിയോ മുന്നണിയോ പ്രകടനങ്ങള്‍ പകല്‍ നാലിനും ആറിനും ഇടയില്‍ നടത്തണം. പരിപാടിയുടെ വിശദാംശങ്ങള്‍ പോലീസിനെ അറിയിക്കണം. ആഹ്ലാദ പ്രകടനങ്ങള്‍ ഉത്തരവാദപ്പെട്ട നേതാക്കളുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം നടത്തണം. വിജയാഹ്ലാദ പ്രകടനത്തില്‍ ബൈക്ക് റാലിയും പടക്കങ്ങളും ഒഴിവാക്കണം. പ്രകടനങ്ങള്‍ക്ക് കേരള പൊലീസ് ആക്ട് 78,79 പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടായിരിക്കും. പ്രകടനത്തില്‍ വ്യക്തിപരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ പാടില്ല. സമൂഹമാധ്യമങ്ങളിലും വ്യക്തികളെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ കൈമാറാന്‍ പാടില്ല. നഗരസഭ, പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ മാത്രം വിജയാഹ്ലാദ പ്രകടനം നടത്തണം. പൊതുഗതാഗത തടസം ഉണ്ടാക്കി പ്രകടനം നടത്താന്‍ പാടില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് അഞ്ചു വിളക്ക് മുതല്‍ അടക്കാതെരു വരെയുള്ള റോഡിലും അനുബന്ധ റോഡിലും ബുധനാഴ്ച പകല്‍ മൂന്നു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ പ്രദേശത്തെ വ്യാപാരി സുഹൃത്തുക്കള്‍ പോലീസുമായി സഹകരിക്കണം. നിയന്ത്രണങ്ങളില്‍ ഏതെങ്കിലും വിധമുള്ള ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.

 

Related Articles

Back to top button