KeralaLatest

സാമൂതിരിയുടെ നാട്ടിൽ ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരത്തിനു തിരിതെളിയുന്നു.

“Manju”

കക്കോടി: സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂതിരിനാട്ടിൽ ശാന്തിഗിരിയുടെ മറ്റൊരു വിസ്മയസൗധം കൂടി സമർപ്പിക്കപ്പെടുന്നു. കോഴിക്കോട് കക്കോടി ആനാവ്കുന്നിൽ ഇതൾവിരിയുന്ന മനോഹരസൗധത്തിന് വിശ്വജ്ഞാനമന്ദിരം എന്നാണ് നാമകരണം ചെയ്തിട്ടുളളത് . ഏപ്രില്‍ ഒൻപതിന് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി തിരിതെളിയിക്കുന്നതോടെ വിശ്വജ്ഞാനമന്ദിരം നാടിന് സ്വന്തം. തുടർന്ന് ഉദ്ഘാടന സമ്മേളനവും സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെ  ആദരിക്കലും നടക്കും.  രാഷ്ട്രീയ സാമൂഹീക സാംസ്കാരിക ആദ്ധ്യാത്മിക കലാസാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

1995 ഡിസംബറിലാണ് ഗുരുനിർദേശപ്രകാരം മൊട്ടക്കുന്നായിരുന്ന ആനാവ്കുന്നുമലയിൽ ഗുരുഭക്തർ പതിമൂന്നര ഏക്കർ സ്ഥലം ആശ്രമത്തിനായി വാങ്ങുന്നത്. തട്ടുകളായി തിരിച്ച ഭൂമിയിൽ ആദ്യഘട്ടത്തിൽ വൃക്ഷലതാദികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 2005ൽ ശിഷ്യപൂജിതയുടെ സന്ദർശനവേളയിൽ ഒരു താൽക്കാലിക കെട്ടിടത്തിൽ ദീപം തെളിയിച്ചതോടെയാണ് ബ്രാഞ്ചാശ്രമം എന്ന നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

2014 ജനുവരി 5 ന് തീർത്ഥയാത്രവേളയിൽ ശിഷ്യപൂജിത പ്രാർത്ഥനാലയത്തിന് ശിലപാകി. ചെങ്കുത്തായ കുന്നിൻപ്രദേശത്ത് നിർമ്മാണം അത്ര എളുപ്പമായിരുന്നില്ല. 2015 മെയ് 1 മുതൽ ഇന്നുവരെ കുട്ടികൾ മുതൽ മുതിർന്നവർ വരെയുളള ഗുരുഭക്തരുടെ കൈയ്യും മെയ്യും മറന്ന ആത്മസമർപ്പണത്തിന്റെ നിറവിലാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമർപ്പിക്കപ്പെടുന്നത്.
72 അടി ഉയരത്തിൽ ഓരോ നിലയിലും 12 വീതം 36 ഇതളുകളുളള പൂർണ്ണമായി വിടർന്ന താമരശില്പം, അകത്തളത്തിൽ ശില്പചാതുരിയുടെ വിസ്മയം തീർക്കുന്ന 22 തൂണുകൾ, മൂന്നു നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന ആത്മീയസൗധം, താഴത്തെ നിലയിൽ മധ്യഭാഗത്തായുളള മണ്ഡപത്തിൽ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണഛായാചിത്രം പ്രതിഷ്ഠിക്കും. പ്രശസ്ത ചിത്രകാരൻ ജോസഫ് റോക്കി പാലക്കൽ ആണ് ചിത്രം വരച്ചിരിക്കുന്നത്.  മുകളിലത്തെ നിലകളിൽ ഗുരു ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയം.

ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് കോൺസ്പ്റ്റ് ഡിസൈനിംഗ് നിർവഹിച്ചത്. മന്ദിരത്തിന്റെ ലൈറ്റിംഗ് ഡിസൈൻ പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റേതാണ്. ഇദ്ദേഹമാണ് താമരപ്പർണ്ണശാലയുടെയും പ്രകാശവിന്യാസം രൂപകൽപ്പന ചെയ്തത്. നിർമ്മാണപ്രവർത്തനങ്ങളിൽ പ്രശസ്ത സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലിന്റെ മേൽനോട്ടവുമുണ്ട്. കെ.സുകേശൻ, ഹരിദാസൻ പി.കെ, സജിത് കൊയിലാണ്ടി, അരുൺ റ്റി.പി., രവി മണ്ണാറത്ത് തുടങ്ങിയവർ നിർമ്മാണത്തിന്റെ മേൽനോട്ടത്തിൽ പങ്കാളികളായി. പ്രവീൺ പുത്തൻപറമ്പിലാണ് ലാന്റ് സ്കേപ്പ് തയ്യാറാക്കിയത്.

പ്രകൃതിയുടെ സ്വാഭവിത നിലനിർത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് എന്നതിനാൽ കുന്നിൻ മുകളിലെ മന്ദിരവും ചുറ്റുമുളള പ്രകൃതിരമണീയതയും വർണ്ണനാതീതമായ ആകാശകാഴ്ചകളും വരും ദിവസങ്ങളിൽ കോഴിക്കോടിന്റെ മനസ്സിൽ ഇടംപിടിക്കും. ജാതിമതഭേദമേന്യേ ആർക്കും സന്ദർശിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. വിശ്വജ്ഞാനമന്ദിരത്തിന്റെ സമർപ്പണം വരും ദിവസങ്ങൾ എല്ലാതരത്തിലും നാടിന്റെ ഉത്സവമാകുകയാണ്. ഏപ്രിൽ 2 ന് കോഴിക്കോടിന്റെ കടലോരത്ത് സംഗീത വിരുന്നൊരുക്കിയും 3ന് ഫ്രീഡം സ്ക്വയറിൽ നിറചാര്‍ത്തൊരുക്കിയും ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന്റെ കേളികൊട്ടുയരും. 4 ന് ഇഫ്താർ, 5 ന് കവിയരങ്ങ്, 6 ന് കലാഞ്ജലി, 7 ന് വരവേൽപ്പ്, 8 ന് മെഗാമെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ ആഘോഷപരിപാടികൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നഗരം വേദിയാകും.

ഏപ്രിൽ 7 ന് കക്കോടിയിൽ എത്തുന്ന ശിഷ്യപൂജിതയെ സന്യാസിമാരും ഗുരുഭക്തരും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 9 നാണ് വിശ്വജ്ഞാനമന്ദിരത്തിന്റെ തിരിതെളിയിക്കൽ. 10 ന് തീർത്ഥയാത്രസംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഏപ്രിൽ 2 മുതൽ 9 വരെ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ രാഷ്ട്രീയ സാമൂഹിക ആദ്ധ്യാത്മിക കലാ- സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

Related Articles

Back to top button