IndiaLatest

ആകാശ് വ്യോമ പ്രതിരോധ മിസൈല്‍: 6000 കോടിയുടെ കരാറില്‍ ഒപ്പിട്ടു

“Manju”

ന്യൂഡല്‍ഹി: നവീകരിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് നല്‍കാനുള്ള 6000 കോടി രൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയവും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ഒപ്പിട്ടു. അതിര്‍ത്തിയില്‍ ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും പ്രതിരോധിക്കാന്‍ സൈന്യത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് ആകാശ് മിസൈലുകള്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് പോലെ സമുദ്ര നിരപ്പില്‍ നിന്ന് ഉയരത്തിലുള്ള അതിശൈത്യമുള്ള മേഖലകളില്‍ ആകാശ് പ്രതിരോധ സംവിധാനം ഫലപ്രദമാകും.

4,500 മീറ്റര്‍ വരെ ഉയരത്തില്‍ വിന്യസിക്കാന്‍ കഴിയുന്ന മിസൈല്‍ 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കും. തദ്ദേശീയമായി വികസിപ്പിച്ച പുതിയ റേഡിയോ ഫ്രീക്വന്‍സി സീക്കര്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും സഹായിക്കും. ഗ്രൗണ്ട് സംവിധാനങ്ങളും പരിഷ്കരിച്ചു.

നാവിക സേനയ്‌ക്ക് ബ്രഹ്‌മോസ്

നാവിക സേനയ്‌ക്ക് മാരിടൈം മൊബൈല്‍ കോസ്റ്റല്‍ ബാറ്ററികളും ബ്രഹ്‌മോസ് മിസൈലുകളും വാങ്ങുന്നതിനുള്ള 1700 കോടി രൂപയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയവും ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡും ഒപ്പിട്ടു. 2027 മുതല്‍ ഇവ സേനയ്ക്ക് ലഭ്യമാക്കും.

Related Articles

Back to top button