KeralaLatest

ആദിവാസി ഊരിൻ്റെ മാതൃകയിൽ പ്രദർശനശാല, മൂപ്പന്റെ വീടുപോലെ വേദി

“Manju”
നമ്പ്യാർകുന്നിലെ ശാന്തിഗിരി ആശ്രമത്തിൽ പ്രതിഷ്ഠാപൂർത്തീകരണത്തിന് മുന്നോടിയായി പരമ്പരാഗതശൈലിയിൽ സ്പിരിച്വൽ സോൺ ക്രമീകരിച്ചപ്പോൾ

സുൽത്താൻബത്തേരി: പ്രതിഷ്ഠാപൂർത്തീകരണത്തിനു മുന്നോടിയായി നമ്പ്യാർകുന്നിലെ ശാന്തിഗിരി ആശ്രമം ഒരുങ്ങുന്നത് വയനാടൻ സംസ്‌കൃതിയുടെ നേർക്കാഴ്ചകളുമായാണ്. ഏപ്രിൽ 5 ന് രാവിലെ 9 മണിക്കാണ് ചടങ്ങുകൾ.

മണ്ണിനെയും മരങ്ങളെയും നോവിക്കാതെ പ്രകൃതിയുടെ വശ്യസൗന്ദര്യത്തിൽ അണിഞ്ഞൊരുകയാണ് ആശ്രമത്തിൻ്റെ സ്പിരിച്വൽ സോൺ. അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പരമ്പരാഗത ഗ്രോത്രരീതികൾ അവലംബിച്ചുളളതാണ്.

അനേകം കുടുംബങ്ങൾ ഒരുമിച്ച് താമസിച്ചിരുന്ന ഗോത്രസമൂഹത്തിൻ്റെ ഊര് പോലെ, നീളത്തിലുള്ള മൺവീടുകളുടെ നിർമ്മാണമാണ് പ്രദർശനശാലയ്ക്കായി പുരോഗമിക്കുന്നത്. ഏഴടി ഉയരത്തിൽ മുള കൊണ്ടുളള തട്ടി മെനഞ്ഞ് അതിൽ മണ്ണ് കുഴച്ച് എറിഞ്ഞുപിടിപ്പിക്കുന്നു. മണ്ണ് കൊണ്ടുളള തറയും മുൻവശത്ത് അരഭിത്തിയും. പുരയുടെ മേൽക്കൂര മുളയും വയ്‌ക്കോലും ഉപയോഗിച്ചാണ്‌ . താഴ്‌ത്തികെട്ടിയ ഇറ.

വീടിന്റെ മിനുസപ്പെടുത്തിയ ഭിത്തിയിൽ മനോഹരമായ ചിത്രപ്പണികൾ .അതിൽ സ്വസ്‌തികപോലുളള ചിഹ്‌നങ്ങളുമുണ്ട്. പണ്ട് കാലത്തെ വീടുകളിൽ ഭിത്തിക്കു പുറത്തായുളള തറയുടെ ഭാഗത്തും ഇത്തരം ചിത്രപ്പണികൾ ഉണ്ടായിരുന്നാതായാണ് നിർമ്മാണജോലികൾ ചെയ്യുന്ന ഗോത്രവിഭാഗത്തിലെ സ്ത്രീകൾ പറയുന്നത്.

പ്രതിഷ്ഠാപൂർത്തീകരണ സമയത്ത് ചന്ദനത്തിരികളുടേയും അഷ്ടധൂപത്തിൻ്റെയും സുഗന്ധം പേറുന്ന ആശ്രമാന്തരീക്ഷത്തിൽ ആദിവാസികളുടെ തുടിതാളമുയരും. ഞെരളത്ത് രാമ പൊതുവാളിന്റെ മകനും പ്രശസ്ത സോപാന സംഗീത കലാകരനുമായ ഞെരളത്ത് ഹരിഗോവിന്ദൻ്റെ ഇടയ്ക്കനാദവും പ്രതിഷ്ഠാചടങ്ങുകൾക്ക് അകമ്പടിയാകും.

അന്നത്തെ സമ്മേളനങ്ങൾക്ക് പ്രധാനവേദിയാകുന്നത് ആദിവാസി മൂപ്പൻ്റെതിനു സമാനമായി നിർമ്മിച്ച വീടിനു മുന്നിലെ നടുത്തളത്തിൽ മണ്ണിൽ തീർത്ത ഓപ്പൺ വേദി.

രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങൾ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും കലാപരിപാടികളും അരങ്ങേറുന്നതും ഇതേ വേദിയിലാകും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഗുരുഭക്തർക്ക് ഇതൊരു നവ്യാനുഭവമാകും.

Related Articles

Back to top button