IndiaLatest

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. രാജസ്ഥാന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് അജ്മീറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നുവെന്നും വന്ദേ ഭാരത് ട്രെയിന്‍ രാജസ്ഥാനിലെ ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നും ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമിഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഏറ്റവും ഒതുങ്ങിയ കാര്യക്ഷമമായ ട്രെയിനുകളില്‍ ഒന്നാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അജ്മീറില്‍ നിന്നും ഡല്‍ഹി കാന്റിലേക്കാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ ആരംഭിക്കും. അജ്മീറില്‍ നിന്നും ഡല്‍ഹി കാന്റിലേക്ക് പ്രതിദിന സര്‍വീസുകള്‍ ഉണ്ടാകും. ഇതോടെ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം, കുറയും. ഹൈറൈസ് ഓവര്‍ഹെഡ് ഇലക്‌ട്രിക് ഭൂപ്രദേശത്തുകൂടിയുള്ള ലോകത്തിലെ ആദ്യത്തെ സെമിഹൈസ്പീഡ് പാസഞ്ചര്‍ ട്രെയിനായിരിക്കും അജ്മീര്‍ ഡല്‍ഹി കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്. 2 എയര്‍കണ്ടീഷന്‍ ചെയ്ത ചെയര്‍ കാറുകള്‍, രണ്ട് എയര്‍ കണ്ടീഷന്‍ ചെയ്ത എക്സിക്യൂട്ടീവ് ചെയര്‍ കാറുകള്‍, രണ്ട് ഡ്രൈവിംഗ് കാര്‍ ക്ലാസ് കോച്ചുകള്‍ എന്നിവയുള്‍പ്പെടെ 16 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പുഷ്‌കര്‍ അജ്മീര്‍ ഷെരിഫ് ദര്‍ഗ അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് സാധിക്കും. കൂടാതെ ഈ പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ സര്‍വീസുകള്‍ സഹായിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

പുതിയ വന്ദേഭാരത് സര്‍വീസ് അനുസരിച്ച്‌ ജയ്പൂര്‍, അല്‍വാര്‍, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്നാണ് വിവരം. ഇതോടെ ഡല്‍ഹിഅജ്മീര്‍ യാത്ര ഇനി വെറും 5 മണിക്കൂറും 15 മിനിറ്റും മാത്രം മതിയാകും. നിലവില്‍ ജനശതാബ്ദി എക്‌സ്പ്രസാണ് ഈ പാതയിലെ ഏറ്റവും വേഗത്തില്‍ പോകുന്ന ട്രെയിന്‍ സര്‍വീസ്. 6 മണിക്കൂര്‍ 15 മിനിറ്റാണ് ജനശതാബ്ദി എക്‌സ്പ്രസെടുക്കുന്ന സമയം. ശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന് സര്‍വീസ് നടത്താന്‍ സാധിക്കും. അതേസമയം ഈ വര്‍ഷം ഫ്‌ളാഗ് ഓഫ് ചെയ്യുന്ന നാലാമത്തെ വന്ദേ ഭാരത് സര്‍വീസാണ് രാജസ്ഥാനിലേത്. ഈ വര്‍ഷമാദ്യം ജനുവരിയില്‍ സെക്കന്ദരാബാദില്‍ നിന്നും വിശാഖപട്ടണത്തേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഇതിന് പിന്നാലെ ഏപ്രില്‍ എട്ടിന് ചെന്നൈ കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസും സെക്കന്തരാബാദ് തിരുപ്പതി വന്ദേഭാരത് എക്‌സ്പ്രസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

Related Articles

Back to top button