KeralaLatest

ചുമട്ടുതൊഴിലാളികളും ഇനി സ്‌മാര്‍ട്ട്‌ ; ലോഗോ പതിച്ച പുതിയ യൂണിഫോമും

“Manju”

കൊച്ചി : ചുമട്ടുതൊഴിലാളികളെ തലയില്‍ക്കെട്ടും മുണ്ടുമുടുത്ത ചട്ടമ്പിവേഷക്കാരായി ചിത്രീകരിക്കുന്ന കാരിക്കേച്ചറുകള്‍ ഇനി പഴങ്കഥയാകും. ലോഗോ തുന്നിച്ചേര്‍ത്ത ചാരനിറത്തിലുള്ള ഷര്‍ട്ടും പാന്റ്സും ആണ് പുതിയ വേഷം. തൊഴില്‍ ആയാസരഹിതവും സുരക്ഷിതവുമാക്കുന്ന യന്ത്രോപകരണങ്ങളും അവരുടെ ജോലിയുടെ ഭാഗമാകും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് ചുമട്ടുതൊഴില്‍മേഖലയുടെ മുഖഛായമാറ്റുന്ന പരിഷ്കാരങ്ങള്‍.

സംസ്ഥാനത്ത് ആദ്യം എറണാകുളം ജില്ലയില്‍ നടപ്പാകുന്ന പദ്ധതിയില്‍ നൂറ്റമ്ബതോളം ചുമട്ടുതൊഴിലാളികളാണുള്ളത്. ഇന്‍ഫോപാര്‍ക്ക്, എടയാര്‍ വ്യവസായ പാര്‍ക്ക്, ആലുവ ഐഎസ്‌ആര്‍ഒ യാര്‍ഡ്, പെപ്സി ഗോഡൗണ്‍ ആലുവ എന്നിവിടങ്ങളിലെ കയറ്റിറക്ക് തൊഴിലാളികളാണിവര്‍. ഫോര്‍ക്ക് ലിഫ്റ്റ്, സ്റ്റാക്കേഴ്സ്, പല്ലറ്റ് ജാക്ക്, മിനി ക്രയിന്‍ തുടങ്ങിയവ ഉപയോഗിക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും ഇവര്‍ പരിശീലനം നേടിയിട്ടുണ്ട്. വിദഗ്ധ ഏജന്‍സികള്‍ക്കുകീഴിലുള്ള ത്രിതല പരിശീലനമാണ് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് നല്‍കിയിട്ടുള്ളതെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു. ഈ തൊഴിലാളികളുടെ വര്‍ക് അലോട്ട്മെന്റ്, വേതനവിതരണം, ബോര്‍ഡിലേക്കുള്ള പണമടക്കല്‍ എന്നിവ ഓണ്‍ലൈനിലാക്കാനുള്ള സംവിധാനവും ഒരുങ്ങി. അടുത്തഘട്ടമായി സിയാല്‍, കിയാല്‍, ടെക്നോപാര്‍ക്ക്, കൊച്ചിന്‍ പോര്‍ട്ട് എന്നിവിടങ്ങളിലെ തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കും.

 

Related Articles

Back to top button