KeralaLatest

അരീക്കോട് മഹാദേവനെ ‘കെെകാര്യം’ചെയ്ത് കാട്ടാനക്കൂട്ടം

“Manju”

പാലക്കാട്: കാടിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. പാലക്കാട് കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30നാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമത്തില്‍ നാട്ടാനയ്ക്ക് പരിക്കേറ്റത്. അരീക്കോട് മഹാദേവന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മണ്ണാര്‍ക്കാട് നിന്ന് ആര്‍ ആര്‍ ടി സംഘമെത്തി പടക്കം പൊട്ടിച്ചാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. തടി പിടിക്കാനാണ് ഈ പ്രദേശത്ത് നാട്ടാനയെ കൊണ്ട് വന്നത്.
കരിമ്ബ-ശിരുവാണി ദേശീയപാതയില്‍ നിന്ന് കേവലം 100മീറ്റര്‍ മാത്രം അകലെയാണ് സംഭവം. പൊതുവേ വന്യമൃഗ ശല്യം രൂക്ഷമായ മേഖലയാണിത്.
സംസ്ഥാനത്ത് ഇന്നലെ നാലിടങ്ങളിലായി വന്യമൃഗ ആക്രമണം നാട്ടുകാര്‍ക്ക് നേരെ ഉണ്ടായി. രണ്ടിടങ്ങളില്‍ നടന്ന കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. എരുമേലി പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവിനാകുഴിയില്‍ തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ദാരുണമായി മരിച്ചത്. ചാക്കോച്ചന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയില്‍ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറത്തിറക്കിയിരുന്നു.
കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസാണ് (64) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവല്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.

Related Articles

Back to top button