IndiaLatest

അമുല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു

“Manju”

മുംബൈ: അമുല്‍ പരസ്യങ്ങളുടെ പ്രതീകമായ അമുല്‍ ഗേളിന്റെ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു. ധവളവിപ്ലവത്തിന്റെ പിതാവായ അമുല്‍ കുര്യന്റെ നിര്‍ദേശപ്രകാരം അമുല്‍ ബട്ടറിനായി 1966-ലാണ് അട്ടര്‍ലി ബട്ടര്‍ലിഎന്ന പരസ്യവാചകത്തോടെ അമുല്‍ ഗേളിനെ അവതരിപ്പിച്ചത്. ലോകത്ത് ഏറ്റവുമധികക്കാലം തുടര്‍ച്ചയായി പരസ്യപ്രചാരണത്തില്‍ കഥാപാത്രമായി വന്നുകൊണ്ടിരിക്കുകയാണ് അമുല്‍ ഗേള്‍. ഇന്നും അമുല്‍ പരസ്യങ്ങളില്‍ നര്‍മപ്രധാനമായ പരസ്യവാചകങ്ങളോടെ ഈ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നു.

1966-ലാണ് അമുലിന്റെ മാതൃകമ്പനിയായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എതിരാളികളായിരുന്ന പോള്‍സണിന്റെ ബട്ടര്‍ ഗേളിനുബദലായി പരസ്യം തയ്യാറാക്കാൻ സില്‍വസ്റ്റര്‍ ഡകുന്‍ഹ എം.ഡി.യായ അഡ്വര്‍ടൈസിങ് ആൻഡ് സെയില്‍സ് പ്രമോഷൻ (.എസ്.പി.) എന്ന കമ്പനിയെ സമീപിച്ചത്.

കുസൃതിക്കാരിയായ ഒരു പെണ്‍കുട്ടിയെ മുൻനിര്‍ത്തി വീട്ടമ്മമാരുടെ ഹൃദയങ്ങളിലൂടെ ഇന്ത്യയിലെ അടുക്കളയിലേക്കു നടന്നുകയറുന്ന പരസ്യമായിരുന്നു അമുല്‍ കുര്യൻ മുന്നോട്ടുവെച്ചത്. ആര്‍ട്ട് ഡയറക്ടറായിരുന്ന യൂസ്റ്റേസ് ഫെര്‍ണാണ്ടസിന്റെ സഹായത്തോടെ ചുവന്ന പുള്ളിയുടുപ്പും ഇതിനുചേരുന്ന റിബ്ബണും പോണിയും ചുവന്ന ഷൂവും ധരിച്ച്‌ നീലമുടിയുള്ള അമുല്‍ ഗേള്‍ അവതരിച്ചു.

അമുല്‍ പരസ്യം തരംഗമായതോടെ 1969-ല്‍ അദ്ദേഹം ഡകുന്‍ഹ കമ്യൂണിക്കേഷൻസ് എന്ന കമ്പനിക്കു തുടക്കമിട്ടു. നിലവില്‍ അതിന്റെ ചെയര്‍മാനായിരുന്നു. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന എച്ച്‌.എം. പട്ടേലിന്റെ മകളും മുംബൈയിലെ സെയ്ന്റ് സേവ്യേഴ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ നിഷയാണ് ഭാര്യ. മകൻ രാഹുല്‍ ഡകുന്‍ഹ പരസ്യരംഗത്തുപ്രവര്‍ത്തിക്കുന്നു.

 

 

Related Articles

Back to top button