IndiaLatest

46,000 വര്‍ഷം ഉറങ്ങിയ വിരയെ ഉണര്‍ത്തി ഗവേഷകര്‍!

“Manju”

46,000 വര്‍ഷം ഉറങ്ങിയ വിരയെ ഉണര്‍ത്തി ഗവേഷകര്‍!

മോസ്കോ : 46,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വൂളി മാമത്തുകളുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിരയെ നിദ്രാവസ്ഥയില്‍ നിന്ന് പുനരുജ്ജീവിപ്പിച്ച്‌ ഗവേഷകര്‍. സൈബീരിയൻ പെര്‍മാഫ്രോസ്റ്റിന്റെ ആഴങ്ങളില്‍ 131.2 അടി ആഴത്തിലായിരുന്നു ഈ വിര മറഞ്ഞിരുന്നത്.

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് ക്രിപ്റ്റോബയോസിസ് എന്ന നിഷ്ക്രിയ അവസ്ഥയിലായിരുന്നു ഈ വിരയെന്ന് ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മോളിക്കുലാര്‍ സെല്‍ ബയോളജി ആൻഡ് ജനറ്റിക്സിലെ പ്രൊഫസറായ ടെയ്മറസ് കര്‍സ്ചാലിയ പറയുന്നു. ഇദ്ദേഹമടങ്ങുന്ന സംഘമാണ് തണുത്ത് മരവിച്ച അവസ്ഥയിലായിരുന്ന വിരയെ പുനരുജ്ജീവിപ്പിച്ചത്.

ക്രിപ്റ്റോബയോട്ടിക് അവസ്ഥയിലുള്ള ജീവജാലങ്ങള്‍ക്ക് വെള്ളത്തിന്റെയോ ഓക്സിജന്റെയോ പൂര്‍ണമായ അഭാവം അതിജീവിക്കാനും ഉയര്‍ന്ന ഊഷ്മാവ്, മരവിപ്പിക്കുന്ന തണുപ്പ്, തീവ്രമായ ഉപ്പ് നിറഞ്ഞ സാഹചര്യം എന്നിവയെ നേരിടാനുമാകും. ഇവര്‍ മരണത്തിനും ജീവിതത്തിനുമിടെയിലെ ഒരു അവസ്ഥയില്‍ തുടരും. ഇത്തരം അവസ്ഥയിലുള്ള ജീവികളിലെ ഉപാപചയ നിരക്ക് കണ്ടെത്താനാകാത്ത തലത്തിലേക്ക് കുറയുന്നു.

ഇതിന് മുമ്ബും ക്രിപ്റ്റോബയോയിസ് അവസ്ഥയിലുള്ള ജീവികളെ ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ദശാബ്ദങ്ങള്‍ മാത്രമായിരുന്നു പഴക്കം. അഞ്ച് വര്‍ഷം മുമ്ബ് റഷ്യയിലെ ഫിസിയോകെമിക്കല്‍ ആൻഡ് ബയോളജിക്കല്‍ പ്രോബ്ലംസ് ഇൻ സോയില്‍ സയൻസിലെ ഗവേഷകര്‍ സൈബീരിയൻ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് രണ്ട് റൗണ്ട്‌വേം സ്പീഷീസുകള കണ്ടെത്തിയിരുന്നു. ഇതില്‍ ചിലതിനെ വെള്ളം ഉപയോഗിച്ച്‌ ജലാംശം വീണ്ടെടുത്ത് വീണ്ടും പുനരുജ്ജീവിപ്പിച്ചു. 100ഓളം വരുന്ന മറ്റ് വിരകളെ ജര്‍മ്മൻ ലാബുകള്‍ക്ക് കൈമാറി.

വിരകളുടെ സാമ്പിളിനൊപ്പമുണ്ടായിരുന്ന സസ്യ ഘടകങ്ങളെ റേഡിയോ കാര്‍ബണ്‍ വിശകലനത്തിന് വിധേയമാക്കിയപ്പോഴാണ് ഇവ 45,839 – 47,769 വര്‍ഷങ്ങളായി ഉരുകിയിട്ടില്ലെന്ന് കണ്ടെത്തിയത്. ‘ പാനഗ്രോലൈമസ് കോളിമേനിസ് എന്നാണ് തങ്ങള്‍ പുതുതായി കണ്ടെത്തിയിരിക്കുന്ന റൗണ്ട്‌വേം സ്പീഷീസിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

വടക്കൻ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് പെര്‍മാഫ്രോസ്റ്റ്എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍. പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ ഉള്‍പ്പെടെ നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് പെര്‍മാഫ്രോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്.

വൂളി മാമത്തുകളുടേതടക്കം നിരവധി ഫോസിലുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ളത്. അതേ സമയം, പെര്‍മാഫ്രോസ്റ്റിലെ മഞ്ഞില്‍ നിന്ന് ശേഖരിച്ച 48,500 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെ ഗവേഷക‌ര്‍ കഴിഞ്ഞ വര്‍ഷം പുനരുജ്ജീവിപ്പിച്ചിരുന്നു.

Related Articles

Back to top button