KeralaLatest

ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങി റഷ്യയുടെ ലൂണ 25

“Manju”

മോസ്കോ : അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ നിലംതൊടാനൊരുങ്ങി റഷ്യൻ പേടകം. 1976ലെ ലൂണ – 24ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ലാൻഡറായ ലൂണ – 25 വെള്ളിയാഴ്ച വിക്ഷേപിക്കും.
മോസ്കോയില്‍ നിന്ന് 5,550 കിലോമീറ്റര്‍ അകലെ കിഴക്കുള്ള വോസ്റ്റോച്‌നി കോസ്മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം.
വിക്ഷേപണത്തിന്റെ ഭാഗമായി, അന്നേ ദിവസം പുലര്‍ച്ചെ, റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ ഖാബറോവ്‌സ്ക് മേഖലയിലുള്ള ഷഖ്‌റ്റിൻസ്കീ ഗ്രാമത്തിലുള്ളവരെ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിക്ഷേപണശേഷം റോക്കറ്റ് ബൂസ്റ്റര്‍ വേര്‍പെട്ട് ഇവിടേക്ക് പതിച്ചേക്കാമെന്നതിനാലാണ് തീരുമാനം.
സോയൂസ് – 2 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ലൂണ – 25നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്‌ലാൻഡിംഗ് നടത്താനാണ് പദ്ധതിയെന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് പറയുന്നു.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ചന്ദ്രയാൻ 23ന് ചന്ദ്രോപരിതലത്തിലിറങ്ങും. ലൂണ – 25 എന്ന് ലാൻഡ് ചെയ്യുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം തുടങ്ങിയവ സംബന്ധിച്ച ഗവേഷണം ലക്ഷ്യമിടുന്ന ലൂണ – 25 ഒരു വര്‍ഷത്തോളം ചാന്ദ്രോപരിതലത്തില്‍ തുടരുമെന്നാണ് കരുതുന്നത്. ദൗത്യം വിജയിച്ചാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യൻ മണ്ണില്‍ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡര്‍ എന്ന നേട്ടം ലൂണ – 25 സ്വന്തമാക്കും.

Related Articles

Back to top button