KeralaLatest

ഫാര്‍മസി കോളേജിന്റെ സാനിറ്റൈസര്‍ ആർ സി സിയിലേയ്ക്കും

“Manju”

 

തിരുവനന്തപുരം: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് വികസിപ്പിച്ചെടുത്ത സാനിറ്റൈസർ ആർ സി സിയിലേയ്ക്കും.

ആർ സി സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ഫാർമസി കോളേജ് അധികൃതർ 300 ലിറ്റർ സാനിറ്റൈസര്‍ നിർമ്മിച്ചു നൽകിയത്. അതിനാവശ്യമായ എത്തനോളും മറ്റു അവശ്യവസ്തുക്കളും ആർ സി സി തന്നെ ലഭ്യമാക്കി. തികച്ചും സൗജന്യമായാണ് ഫാർമസി കോളേജ് സാനിറ്റൈസർ നിർമ്മിച്ചു നൽകിയത്.

കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ സാനിറ്റൈസറിന് ഇത്രത്തോളം പ്രചാരമേറുന്നതിനു മുമ്പു തന്നെ ഫാർമസി കോളേജ് സാനിറ്റൈസർ നിർമ്മിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങളിലേയ്ക്ക് സൗജന്യമായാണ് സാനിറ്റൈസ ർ തയ്യാറാക്കി നല്‍കുന്നത്. രണ്ടു മാസം മുമ്പ് കൊറോണ ഭീതി ലോകമെങ്ങും ശക്തമായ സാഹചര്യത്തിലാണ് ഫാർമസി കോളേജ് ഈ അണുനാശിനി ആദ്യമായി പുറത്തിറക്കുന്നത്. അതിനു ശേഷം പല തവണയായി 400 ലിറ്ററിലധികം സാനിറ്റൈസർ നിർമ്മിച്ചു. ഫാർമസി കോളേജിന്റെ ഉദ്യമം വിജയിച്ചതോടെ മെഡിക്കൽ കോളേജിലെ വിവിധ ചികിത്സാ വിഭാഗങ്ങൾക്ക് അതിന്റെ പ്രയോജനം ലഭ്യമാകുകയായിരുന്നു.

ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി എത്തനോൾ, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലിസറിന്‍ എന്നിവ ഉപയോഗിച്ചാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യങ്ങളിൽ രോഗം പകരുന്നതു തടയാൻ ഫാര്‍മസി കോളേജ് അണുനാശിനികൾ നിർമ്മിക്കാറുണ്ട്. എന്നാൽ ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയാൻ ഉതകും വിധം വകുപ്പു മേധാവിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ നിർമ്മിച്ച സാനിറ്റൈസറിന് രണ്ടു മാസക്കാലയളവിനുള്ളിൽ മികച്ച ഖ്യാതിയാണ് നേടാനായത്.

Related Articles

Back to top button