IndiaLatest

പുതിയ ഐഫോണിലും ഇസ്രോയുടെ ഫീച്ചര്‍

“Manju”

ആപ്പിളിന്റെ പുതിയ ഐഫോണ്‍ നിര്‍മ്മാണത്തില്‍ ഇസ്രോയുടെ സഹായം. ഐഫോണ്‍ 15 പ്രോയുടെ ഒരു ഫീച്ചറാണ് ഇസ്രോയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നത്.
ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ആപ്പിള്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച്‌ 9 സീരീസ്, വാച്ച്‌ ആള്‍ട്രാ 2 എന്നിവയും ചടങ്ങില്‍ ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഐഫോണ്‍ 14 സീരീസുകളുടെ അപ്ഡേറ്റ് വേര്‍ഷൻ എന്ന നിലയിലാണ് കമ്ബനി പുതിയ സീരീസ് ഫോണുകള്‍ എത്തിക്കുന്നത്. മുൻഗാമിയേക്കാള്‍ നിരവധി കൂടുതല്‍ ഫീച്ചറുകള്‍ പുതിയ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.
സെപ്റ്റംബര്‍ 12 പുറത്തിറക്കിയ പുതിയ ഫോണുകള്‍ ഇതിനോടകം തന്നെ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അതേ സമയം ഫോണില്‍ ഇസ്രോ നല്‍കിയിരിക്കുന്ന ഫീച്ചര്‍ എന്താണെന്ന് വിശദമായി പരിശോധിക്കാം. NavIC എന്നാണ് ഈ ഫീച്ചറിന്റെ പേര് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോണ്‍സ്റ്റലേഷൻ എന്നാണ് ഈ ഫീച്ചറിന്റെ മുഴുവൻ പേര്. ഇന്ത്യൻ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷൻ (ഐഎസ്‌ആര്‍ഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ റീജിയണല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്നാണ് NavIC ആദ്യം അറിയപ്പെട്ടിരുന്നത്.
ഏഴ് ഉപഗ്രഹങ്ങളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയും അടങ്ങുന്ന ഒരു പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഇസ്രോ നിര്‍മ്മിച്ച NavIC. പ്രധാനമായും രണ്ട് സേവനങ്ങളാണ് ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സിവിലിയൻ ഉപയോക്താക്കള്‍ക്കുള്ള സ്റ്റാൻഡേര്‍ഡ് പൊസിഷൻ സര്‍വീസ് (എസ്പിഎസ്), തന്ത്രപ്രധാന ഉപയോക്താക്കള്‍ക്കുള്ള നിയന്ത്രിത സേവനം (ആര്‍എസ്) എന്നിവയാണ് ഇവയുടെ പ്രധാന സേവനം
ഇന്ത്യയുടെ അതിര്‍ത്തിയ്ക്ക് അപ്പുറം 1500 കിലോമീറ്ററോളം ഈ സേവനത്തിന്റെ കവറേജ് വ്യാപിച്ച്‌ കിടക്കുന്നുണ്ട്. വളരെ കൃത്യതയോടെയുള്ള നാവിക് സിഗ്നലുകള്‍, 20 മീറ്ററില്‍ കൂടുതല്‍ ഉപയോക്തൃ സ്ഥാനം കൃത്യതയോടെയുള്ള പ്രവചനം, 50 നാനോ സെക്കൻഡിനേക്കാള്‍ മികച്ച സമയ കൃത്യത എന്നിവയാണ് NavICന്റെ എടുത്ത് പറയേണ്ട സവിശേഷതകള്‍. ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിനെക്കാള്‍ മികച്ച പ്രകടനം NavIC നടത്തും എന്നാണ് ഇസ്രോ അവകാശപ്പെടുന്നത്.
2006 മെയ് മാസത്തില്‍ ഇന്ത്യൻ സര്‍ക്കാര്‍ നല്‍കിയ അനുമതിക്ക് പിന്നാലെയാണ് ഇസ്രോ NavIC നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്. ശത്രു രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പരുധി വരെ നിരീക്ഷിക്കാൻ ഇത്തരം ഫീച്ചറുകള്‍ രാജ്യത്തിന് ഗുണം ചെയ്തിട്ടുണ്ട്. നേരത്തെ 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇത്തരം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനങ്ങള്‍ ഇന്ത്യയിക്ക് ഏറെ ഗുണകരമായി മാറിയിരുന്നു. പിന്നാലെയാണ് സ്വന്തമായി ഇത്തരം ജിപിഎസ് സംവിധാനങ്ങള്‍ ഇന്ത്യ വികസിപ്പിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ഐഫോണുകള്‍ക്ക് നിരവധി പുതി ഫീച്ചറാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്ന് ഉപകരണങ്ങളുടെ ചാര്‍ജിങ് പോര്‍ട്ട് ആണ്. സി ടൈപ്പ് യുഎസ്ബി പോര്‍ട്ടുകളാണ് ആപ്പില്‍ പുതിയ എല്ലാ ഉപകരണങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് സാങ്കേതികവിദ്യയോടെയാണ് ഐഫോണ്‍ 15 സ്റ്റാന്റേര്‍ഡ്, പ്ലസ് പതിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഐഫോണ്‍ 15 തയ്യാറാക്കിയിരിക്കുന്നത്.
15 പ്ലസിന് ആകട്ടെ സ്ക്രീൻ വലുപ്പം 6.7 ഇഞ്ച് ആണ്. 48-മെഗാപിക്സല്‍ പ്രൈമറി സെൻസര്‍ ആണ് ആപ്പിള്‍ രണ്ട് ഫോണിനും നല്‍കിയിരിക്കുന്നത്. കൂടാതെ ഫോണില്‍ പുതിയ 2x ടെലിഫോട്ടോ സൂം സജ്ജീകരിച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ ടൈറ്റാനിയം ബോഡിയോടെ ആണ് എത്തിയിരിക്കുന്നത്. രണ്ട് പ്രോ മോഡലുകളിലും പ്രൊമോഷൻ സാങ്കേതികവിദ്യ ഘടിപ്പിച്ച സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേകള്‍ ഉണ്ട്.
ഐഫോണ്‍ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും, പ്രോ മാക്‌സിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉള്ളത്. A17 പ്രോ ചിപ്പാണ് ഈ രണ്ട് പ്രോ മോഡലുകളുടെയും നട്ടെല്ല്. ക്യാമറയുടെ കാര്യത്തില്‍, ഐഫോണ്‍ 15 പ്രോ 48MP പ്രൈമറി ക്യാമറ, 12MP ടെലിഫോട്ടോ, 12MP അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമായാണ് വരുന്നത്. ഐഫോണ്‍ 15 പ്രോ മാക്സില്‍, ആപ്പിള്‍ 5 എക്സ് ടെലിഫോട്ടോ ക്യാമറ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button