LatestThiruvananthapuram

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‌ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം.

മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എ.എന്‍.ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അവര്‍ സ്പീക്കര്‍ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കില്‍ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കല്‍കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചാല്‍ ഷംസീറിന്റെ സാധ്യതകള്‍ അടയുകയും കെ.പി മോഹനന് ചിലപ്പോള്‍ വഴിയൊരുങ്ങാനും സാധ്യതയുണ്ട്. ഈ മാസം 20 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന സിപിഎം നേതൃയോഗങ്ങളിലാകും പുന:സംഘടന എങ്ങനെ വേണമെന്ന് അന്തിമ ധാരണയാകുക. എ.കെ ശശീന്ദ്രനില്‍ നിന്ന് വനംവകുപ്പ് ഗണേഷിന് നല്‍കി പകരം ഗതാഗതം എന്‍സിപിക്ക് നല്‍കുന്നതും ആലോചനയിലുള്ളതായാണ് സൂചന. സിപിഎം മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല

Related Articles

Back to top button