IndiaLatest

ബൊപ്പണ്ണ -ഋതുജ സഖ്യത്തിന് സ്വര്‍ണം

“Manju”

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മിക്സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടി. ഫൈനലിൽ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു. സ്കോർ: 2-6, 6-3, 10-4

വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യന്‍ യുവതാരം പ്രീതി പന്‍വാര്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാഖ്‌സ്താന്‍ താരം ഷായ്‌ന ഷെക്കര്‍ബെക്കോവയെ തകര്‍ത്താണ് പ്രീതി അവസാന നാലിലെത്തിയത്. 4-1 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വെറും 18 വയസ്സ് മാത്രമാണ് പ്രീതിയുടെ പ്രായം.

വനിതകളുടെ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ലവ്ലിന ബോർഗോഹെയ്നും സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്‌ലിന ദക്ഷിണ കൊറിയയുടെ സുയിയോണ്‍ സിയോങ്ങിനെ കീഴടക്കിയാണ് താരം സെമിയിലെത്തിയത്. സ്‌കോര്‍ 5-0. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയാണ് ലവ്ലിന.

ലോങ്ജമ്പില്‍ മുരളി ശ്രീശങ്കറും 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലെത്തി. ലോങ് ജമ്പില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ജസ്വിന്‍ ആല്‍ഡ്രിനും 1500 മീറ്ററില്‍ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.

ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. ജസ്വിന്‍ മൂന്നാം ശ്രമത്തില്‍ 7.67 മീറ്റര്‍ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി. ഷൂട്ടിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഒൻപത് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

Related Articles

Back to top button