IndiaLatest

25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാകും

“Manju”

ന്യൂഡല്‍ഹി: ഭാരതം ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച്‌ ഇസ്രോ മേധാവി എസ്. സോമനാഥ്. വരുന്ന 20-25 വര്‍ഷത്തിനുള്ളില്‍ സ്വന്തമായ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യം നടപ്പാക്കുന്നതിന് പിന്നാലെ അടുത്ത ലക്ഷ്യം ബഹിരാകാശ നിലയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 മുതല്‍ 25 വരെ വര്‍ഷമെടുത്താകും നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാൻ കഴിയുക. മനുഷ്യനെ എത്തിക്കുന്നതിനും കൂടുതല്‍ ദൈര്‍ഘ്യമുള്ള ബഹിരാകാശ യാത്ര നടത്താനും പ്രാപ്തമാക്കാൻ ബഹിരാകാശ നിലയത്തിന് കഴിയും. 2019-ലാണ് ആദ്യമായി ബഹിരാകാശ നിലയം നിര്‍മ്മിക്കാൻ രാജ്യം പദ്ധതിയിടുന്നത്. തുടര്‍ന്ന് 2021-ല്‍ ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ച വേളയില്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ നിലയം യാഥാര്‍ത്ഥ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊറോണ മഹാമാരിയെ തുടര്‍ന്ന് പദ്ധതി നീട്ടി വെയ്‌ക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് വളരെ കൃത്യമായ പദ്ധതികളാണ് ഇസ്രോയ്‌ക്കുള്ളത്. ഗഗൻയാന് ശേഷം ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും പിന്നാലെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യമെന്നും എസ്. സോമനാഥ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ മുൻ ഇസ്രോ മേധാവി കെ. ശിവൻ സൂചിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്വതന്ത്രമായാകും ഭാരതത്തിന്റെ ബഹിരാകാശ നിലയം പ്രവര്‍ത്തിക്കുകയെന്നും ഐഎസ്‌എസിനേക്കാളും ചെറുതായിരിക്കുമെന്നും ഇസ്രോ അറിയിച്ചു.

ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ സാധ്യമല്ലാത്ത പരീക്ഷണങ്ങള്‍ നടത്താൻ അനുവദിക്കുന്ന മൈക്രോ ഗ്രാവിറ്റി എക്‌സ്പിരിമെന്റ്‌സ് നടത്താനാകും ബഹിരാകാശ നിലയം ഉപയോഗപ്പെടുത്തുക. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിച്ച്‌ അവരെ അവിടെ എത്തിക്കുകയല്ല മറിച്ച്‌ പഠനങ്ങള്‍ നടത്താനാകും ആദ്യഘട്ടത്തില്‍ ബഹിരാകാശ നിലയം ഉപയോഗപ്പെടുത്തുക. നിലവില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാൻ കഴിയുക.

ഭൂമിയുടെ ഉപരിതലത്തിന്റെ 1000 കിലോമീറ്ററില്‍ താഴെ ഉയരത്തിലാണ് ഐഎസ്‌എസ് പ്രവര്‍ത്തിക്കുന്നത്. ഉപരിതലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന് 90 മിനിറ്റിനുള്ളില്‍ നമ്മുടെ ഗ്രഹത്തിന്റെ പൂര്‍ണ്ണമായ സര്‍ക്യൂട്ട് ഉണ്ടാക്കുന്നു. യുഎസ്, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 1998-ലാണ് ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കിയത്.

Related Articles

Back to top button