KeralaLatest

വംശനാശഭീഷണിയുള്ള ജീവിയെ പകർത്തി ;മലയാളിയ്ക്ക് ഓസ്കർ

“Manju”

കൊല്ലം: ‘‘തെക്കേ അമേരിക്കൻ ടാപിർ അഥവാ ബ്രസീലിയൻ ലോ ലാൻഡ് ടാപിർ ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പേ ഭൂമിയിലുള്ള ജീവിയാണ്. പരിണാമവും പ്രകൃതിനാശവും പല ജീവിവർഗങ്ങളെയും നശിപ്പിച്ചപ്പോഴും പിടിച്ചുനിന്ന ഈ ജീവിവർഗം ഇപ്പോൾ വംശനാശഭീഷണിയിലാണ്. അതിന്റെ സ്വാഭാവിക പ്രകൃതിയിൽ പോയൊരു ചിത്രമെടുക്കുക എന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. പോയവർഷം അത് സാധിച്ചു. ലോക പ്രകൃതി വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കർ എന്നറിയപ്പെടുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ബെസ്റ്റ് ഫോട്ടോഗ്രഫി അവാർഡ് ആ ചിത്രത്തിനു കിട്ടിയപ്പോൾ അവയുടെ വംശപരിപാലനം ലോകത്തിന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിലേക്കൊരു വെളിച്ചമാകുമെന്നു പ്രതീക്ഷിക്കുന്നു.’’ ലോകവന്യജീവി ഫോട്ടോഗ്രാഫർമാരുടെ ലോകത്ത് പുരസ്കാരനിറവിൽ തിളങ്ങിനിൽക്കുന്ന വിഷ്ണുഗോപാൽ  പറഞ്ഞു. ആനിമൽ പോർട്രെയിറ്റ് വിഭാഗത്തിലാണ് വിഷ്ണുവിന്റെ ചിത്രം ഒന്നാംസ്ഥാനം നേടിയത്. 95 രാജ്യങ്ങളിൽനിന്നുള്ള 50,000 എൻട്രികളിൽനിന്നാണ് ചിത്രം തിരഞ്ഞെടുത്തത്.

ബ്രസീലിലെ അത്‌ലാന്റിക് മഴക്കാടുകളിൽ ടാപ്പിറായ് എന്ന സ്ഥലത്തുനിന്നാണ് ചിത്രം പകർത്തിയത്. തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ സസ്തനിയാണ്. ഉപ്പുവെള്ളമുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. മാംസത്തിനായി വേട്ടയാടിയതും വനനശീകരണവുമാണ് ഇവയെ വംശനാശ ഭീഷണിയിലാക്കിയത്. എണ്ണം കുറവാണ്. മനുഷ്യനെ കണ്ടാൽ ഒളിക്കും. അതിനാൽ കണ്ടുകിട്ടാൻ വളരെ പ്രയാസമാണ്. ഒരു കുടുംബത്തെ കണ്ടെങ്കിലും വിദൂരക്കാഴ്ചയായതിനാൽ പകർത്താൻ പറ്റിയില്ല. രാത്രി അവയ്ക്ക് അലോസരമുണ്ടാകാത്തതരം ടോർച്ച് ഉപയോഗിച്ച് അതിന്റെ വെളിച്ചത്തിൽ പകർത്തിയാണീ ചിത്രം-വിഷ്ണു പറഞ്ഞു.

ഖത്തറിൽ നിർമാണമേഖലയിൽ ജോലിചെയ്യുന്ന വിഷ്ണു കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ജോലി നിർമാണമേഖലയിലാണെങ്കിലും ഫോട്ടോഗ്രഫിയാണ് പാഷൻ. അതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ യാത്രയും പോകുന്നു. പ്രകൃതിദൃശ്യങ്ങൾ ജലച്ചായത്തിൽ പകർത്തി തുടങ്ങിയിടത്തുനിന്നാണ് ‌ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. ഫോട്ടോഗ്രഫി മലയാളം ഖത്തർ എന്ന കൂട്ടായ്മയുടെ അമരക്കാരനാണ്. കൂട് മാസികയുടെ ഫോട്ടോ എഡിറ്റർ എന്നനിലയിലും പ്രവർത്തിച്ചിരുന്നു. കൊട്ടാരക്കര തീർഥത്തിൽ ഗോപാലകൃഷ്ണപിള്ളയുടെയും അംബികയുടെയും മകനാണ്. ഭാര്യ: സോണി, മക്കൾ: തീർഥയും ശ്രദ്ധയും

Related Articles

Back to top button