KeralaLatest

കളമശ്ശേരി സ്ഫോടനം; ചികിത്സയില്‍ തുടരുന്നത് 19 പേര്‍, മൂന്ന് പേരുടെ നില ഗുരുതരം

“Manju”

കൊച്ചി: കളമശ്ശേരി കണ്‍വെൻഷൻ സെന്‍ററിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നത് 19 പേര്‍. 13 പേര്‍ ഐ.സി.യുവിലാണുള്ളത്. ഇതില്‍ സാരമായി പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മൂന്ന് പേര്‍ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കളമശ്ശേരി സംറ കണ്‍വെൻഷൻ സെന്‍ററില്‍ ഒക്ടോബര്‍ 29ന് രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയൻവീട്ടില്‍ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകക്ക് താമസിക്കുന്ന കുമാരി (53), മലയാറ്റൂര്‍ കടവൻകുഴി വീട്ടില്‍ പ്രദീപന്‍റെ മകള്‍ ലിബിന (12) എന്നിവരാണ് പിന്നീട് മരിച്ചത്.

പ്രാര്‍ഥനായോഗത്തിനിടെ സ്ഫോടനം നടത്തിയ പ്രതി കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ പൊലീസില്‍ കീഴടങ്ങിയിരുന്നു. യഹോവ സാക്ഷികളുടെ ആശയവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പാണ് സ്ഫോടനം നടത്താൻ കാരണമായതെന്നാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളും പരിശോധിക്കും.

Related Articles

Back to top button