IndiaLatest

നാഗാര്‍ജുനസാഗര്‍ ഡാമിന്റെ ഭാഗിക നിയന്ത്രണം പിടിച്ച്‌ ആന്ധ്ര

“Manju”

ഹൈദരാബാദ്: നാഗാര്‍ജുനസാഗര്‍ ഡാമിനെചൊല്ലി തെലങ്കാന, ആന്ധ്രാ സര്‍ക്കാരുകള്‍തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ അണക്കെട്ടിന്റെ ഭാഗികമായ നിയന്ത്രണം പിടിച്ചെടുത്ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. വ്യാഴാഴ്ച നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായാണ് ആന്ധ്രാ സര്‍ക്കാരിന്റെ നടപടി. 2014-ലെ ആന്ധ്രാ, തെലങ്കാന വിഭജനത്തിനുശേഷം ഡാമിന്റെപേരില്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം.

400 പേരടങ്ങുന്ന ആന്ധ്രാ പോലീസും ജലസ്വേചന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വ്യാഴാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് ഡാമിലേക്ക് എത്തിയത്. ഇവിടത്തെ 36 ഗേറ്റുകളുടെ നിയന്ത്രണവും സംഘം ഏറ്റെടുത്തു. പിന്നീട് തെലങ്കാന പോലീസും മറ്റ് ഉദ്യോഗസ്ഥരും പ്രദേശത്തേക്കെത്തിയതോടെ ഇരുവിഭാഗവുംതമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ആന്ധ്രാസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ തെലങ്കാന പോലീസും സംഘവും തിരിച്ചുപോകുകയായിരുന്നു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈ.എസ്.ആര്‍.സി.പി) ഭരിക്കുന്ന ആന്ധ്രാ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ കൃഷ്ണ റിവര്‍ മാനേജ്മെന്റ് ബോര്‍ഡി (കെ.ആര്‍.എം.ബി)നെതിരേ ലങ്കാന സര്‍ക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കെ.ആര്‍.എം.ബിയാണ് ഇരുസംസ്ഥാനങ്ങള്‍ക്കും ജലം വിതരണം ചെയ്യുന്നത്.ആന്ധ്രയിലെ പല്‍നാഡു, തെലങ്കാനയിലെ നല്‍ഗൊണ്‍ഡ അതിര്‍ത്തി ജില്ലകളോട് ചേര്‍ന്നാണ് ഡാം സ്ഥിതിചെയ്യുന്നത്.

”ആന്ധ്രാസര്‍ക്കാര്‍ 10,000 ക്യൂസെക്സ് ജലം തുറന്നുവിടുന്നുവെന്നാണ് വിവരം. റെഗുലേറ്റര്‍ ഗെയിറ്റുകളില്‍ അവര്‍ പ്രത്യേകം വൈദ്യുതി ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ആന്ധ്രാസര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ ആസൂത്രണം നടത്തുന്നുണ്ടായിരുന്നു. ഡാമിലെ സി.സി.ടി.വി. ക്യാമറകളും ഓട്ടോമാറ്റിക് പ്രവേശനഗേറ്റുകളും ആന്ധ്രാസംഘം തകരാറിലാക്കി”, തെലങ്കാനമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം ലഭിക്കുമെന്നപ്രതീക്ഷയിലാണ് കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസ്. ഭരണവിരുദ്ധവികാരം മുതലാക്കി ബി.ആര്‍.എസിനെ അധികാരത്തില്‍നിന്ന് ഇറക്കുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്.

കരുത്തുതെളിയിക്കാൻ ബി.ജെ.പി.യും ശക്തമായ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു, തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി, ബി.ജെ.പി. ലോക്സഭാംഗങ്ങളായ ബണ്ടി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ്, സോയം ബപ്പുറാവു എന്നിവരുള്‍പ്പെടെ 2290-ഓളം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.

Related Articles

Back to top button