KeralaLatest

പുതിയ മന്ത്രിമാർ ക്രിസ്മസിനുശേഷം

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനുശേഷം നടക്കും. ഡിസംബർ 27-ന് സത്യപ്രതിജ്ഞ നടത്താനാണ് ഇടതുമുന്നണിയിലെ ആലോചന. കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് പുതിയ മന്ത്രിമാരായെത്തുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥാനമൊഴിയും. ഇവർ കൈകാര്യംചെയ്തിരുന്ന വകുപ്പുകൾ പുതിയ മന്ത്രിമാർക്ക് കൈമാറുന്നതിലുപരി, വകുപ്പുകളിൽ മാറ്റമുണ്ടാകില്ല.

സർക്കാരിന്റെ രണ്ടരവർഷം കഴിയുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ ധാരണയായിരുന്നു.

ഇതനുസരിച്ച് ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയും. ഇത് കേരള കോൺഗ്രസി(ബി)നാണ് കൈമാറേണ്ടത്. ആന്റണി രാജുവിന്റെ ഗതാഗതവകുപ്പായിരിക്കും ഗണേഷ് കുമാറിന് ലഭിക്കുക. ഗതാഗതവകുപ്പ് ഏറ്റെടുക്കുന്നതിനോട് ഗണേഷിന് താത്പര്യമില്ലെങ്കിലും അക്കാര്യം അംഗീകരിക്കാനിടയില്ല. വനം, ദേവസ്വം വകുപ്പുകളിലേതെങ്കിലും ലഭിക്കണമെന്നതാണ് ഗണേഷിന്റെ താത്പര്യം. മറ്റുമന്ത്രിമാരുടെ ചുമതലകൾ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.

ഐ.എൻ.എലിന്റെ മന്ത്രിസ്ഥാനമാണ് കോൺഗ്രസ്-എസിന് കൈമാറുക. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറും.

മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എം.എൽ.എ.മാരുള്ള മുന്നണിയിലെ ആർ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആർ.ജെ.ഡി.ക്ക് മറ്റുസ്ഥാനങ്ങൾ നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ നൽകുന്ന സൂചന. മുന്നണിയോഗത്തിനൊപ്പം ആർ.ജെ.ഡി.യുമായി ഉഭയകക്ഷി ചർച്ചനടത്താനും സാധ്യതയുണ്ട്.

Related Articles

Back to top button