IndiaLatest

സാമ്പത്തിക പ്രതിസന്ധിയും പെന്‍ഷനും ചര്‍ച്ചയാകുമ്പോള്‍

“Manju”

പണമില്ലെന്നും, വിഹിതം നല്‍കുന്നില്ലെന്നും, കണക്കു കിട്ടുന്നില്ലെന്നുമുള്ള പരാതികളും പഴികളും കേട്ട് കേരളത്തിലെ പൊതുജീവിതം നിങ്ങി നിരങ്ങുമ്പോള്‍ ചില സാമ്പത്തിക ചിന്തകള്‍. കടമെടുപ്പിന്മേല്‍ കര്‍ശന നിയന്ത്രണം വന്നതോടെ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അധിക വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും പ്രതിസന്ധി മറികടക്കുന്നതിന് പരിമിതികളുണ്ടെന്നിരിക്കെ പെൻഷൻ വ്യവസ്ഥ പുനഃക്രമീകരിച്ച്‌ വരുമാന വര്‍ധനയും സാമ്പത്തിക വളര്‍ച്ചയും നേടാനാകുമെന്ന് വാദിക്കുന്നു ധനകാര്യ വിദഗ്ധനായ ലേഖകൻ

കേരളത്തിന്റെ ഒരു പ്രധാന ചെലവിനമാണ് പെൻഷൻ. 2021-22 ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ പെൻഷൻ ചെലവ് മൊത്തം വരുമാനത്തിന്റെ 23.06 ആണ്. 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരിയാകട്ടെ, 12.22 മാത്രം. കേരള സമൂഹത്തിലെ വെറും രണ്ടില്‍ താഴെ വരുന്ന വിഭാഗത്തിലേക്ക് മൊത്തം വരുമാനത്തിന്റെ 23.06 പോകുന്ന ഈ വ്യവസ്ഥ നിലവില്‍ വരാനുണ്ടായ സാഹചര്യം ഒട്ടൊന്ന് പരിശോധിക്കാം.

വികസിത രാജ്യങ്ങളിലെ പെൻഷൻ വ്യവസ്ഥ

ഏതാണ്ട് എല്ലാ വികസിത രാജ്യങ്ങളിലും പെൻഷൻ എന്നത് പൗരജനങ്ങള്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന വര്‍ഷങ്ങളില്‍ തങ്ങളുടെ ശമ്ബളത്തില്‍നിന്ന് പിടിച്ചു മാറ്റിവെച്ച്‌ സര്‍ക്കാറിലോ സ്വകാര്യ മേഖലയിലോ ഉള്ള പെൻഷൻ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ആനുപാതികമായി ലഭിക്കുന്നതാണ്തൊഴിലെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായും പെൻഷൻ പദ്ധതികളില്‍ ചേര്‍ന്നിരിക്കണമെന്ന് അവിടങ്ങളിലെ നിയമം അനുശാസിക്കുന്നു. അതേസമയം എല്ലാവര്‍ക്കും ഉറപ്പായ അടിസ്ഥാന പെൻഷൻ (Guaranteed Minimum Pension) ലഭ്യമാക്കുന്നതിന് ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തി ആവശ്യമായ പൊതുവിഭവങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

ഇന്ത്യയിലെ പെൻഷൻ സമ്ബ്രദായം

സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പെൻഷൻ വ്യവസ്ഥ കോളനി വാഴ്ചയുടെ തുടര്‍ച്ചയാണ്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു എന്നു മാത്രമല്ല അവരുടെ ശമ്ബളവും കുറവായിരുന്നു.

മറ്റൊരു സംഗതി ആയുര്‍ദൈര്‍ഘ്യമാണ്. 1951 സെൻസസ് പ്രകാരം ആയുര്‍ദൈര്‍ഘ്യം 32 വയസ്സായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിക്കുന്നവര്‍ ശരാശരി അഞ്ചുമുതല്‍ എട്ടുവര്‍ഷം വരെയൊക്കെയേ ജീവിക്കുമായിരുന്നുള്ളു എന്നര്‍ഥം. കുറഞ്ഞ ശമ്ബളത്തില്‍നിന്ന് പിടിച്ചുമാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തില്‍നിന്ന് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ സാഹചര്യമിതാണ്.

പെൻഷൻ കാര്യമായ ഒരു ബാധ്യത അല്ലാതിരുന്ന സാഹചര്യം പാടേ മാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും 10 വര്‍ഷം കൂടുമ്ബോള്‍ ശമ്ബള പരിഷ്കരണം നടന്നപ്പോള്‍ കേരളത്തില്‍ അത് അഞ്ചുവര്‍ഷം കൂടുമ്ബോള്‍ ആണ്.

ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവര്‍ധിച്ച്‌ 73 വയസ്സായി. ഇതിന്റെയൊക്കെ ഫലമായി 30 വര്‍ഷം ശമ്ബളം വാങ്ങിക്കൂട്ടിയവര്‍ക്ക് 30ഉം ചിലപ്പോള്‍ 40ഉം വര്‍ഷം അവസാനം വാങ്ങിയ ശമ്ബളത്തിന്റെ പകുതിയും ക്ഷാമബത്തയും പെൻഷൻ പരിഷ്കരണവും നല്‍കേണ്ടിവരുന്നു. അവസാനം വാങ്ങിയ ശമ്ബളത്തിന്റെ അഞ്ചും ആറും ഇരട്ടിയൊക്കെയാണ് ചിലര്‍ പെൻഷനായി കൈപ്പറ്റുന്നത്.

മാറ്റിവെച്ച ശമ്ബളം എന്ന വിശുദ്ധ നുണ

പെൻഷൻ മാറ്റിവെച്ച ശമ്ബളമാണ് എന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട് എന്ന വാദമാണ് ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ പ്രചരിപ്പിക്കുന്നത്. പെൻഷൻ എന്നത് ശമ്ബളത്തില്‍നിന്ന് പിടിച്ചുമാറ്റിവെച്ച്‌ നല്‍കുന്നതാണ് എന്ന സാര്‍വലൗകിക തത്ത്വമാണ് യഥാര്‍ഥത്തില്‍ സുപ്രീംകോടതി വിധിയുടെ അന്തസ്സത്ത. ശമ്ബളത്തില്‍നിന്ന് ഒരു പൈസപോലും മാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തില്‍നിന്ന് എടുത്തുകൊടുക്കുന്നത് സത്യത്തില്‍ പെൻഷൻ അല്ല; ശമ്ബളം തന്നെയാണ്.

വൈകിവന്ന വിവേകം

ഈ തിരിച്ചറിവ് കേന്ദ്ര സര്‍ക്കാറിന് ഉണ്ടായത് പക്ഷേ 2003ല്‍ ആണ്. തുടര്‍ന്ന് പങ്കാളിത്ത പെൻഷനിലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും മാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് തിരികെപ്പോയി.

കേരളത്തിലും തിരികെപ്പോകണം എന്ന സമ്മര്‍ദം ജീവനക്കാരുടെ സംഘടനകള്‍ ചെലുത്തുന്നുണ്ട്. ഇങ്ങനെ തിരികെപ്പോകുന്നതില്‍ ഉളവായിട്ടുള്ള ധനകാര്യ സാഹസത്തെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് അടുത്ത കാലത്ത് ഒരു പഠനം നടത്തി. അത് കാണിക്കുന്നത്, ധനകാര്യ സാഹസത്തില്‍ 17 പ്രധാന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമതാണ് എന്നാണ്.

കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി പെൻഷനല്ല, 2013 മുതല്‍ പങ്കാളിത്ത പെൻഷൻ ആണല്ലോ എന്ന് വാദിക്കുന്നവര്‍ സാധാരണ ജനങ്ങളെ കബളിപ്പിക്കുകയാണ്. 2012വരെ സര്‍വിസില്‍ ഉള്ളവര്‍ക്ക് ശരാശരി 25 വര്‍ഷം സര്‍വിസ് ഉണ്ടെന്ന് സങ്കല്‍പിച്ചാല്‍ 2037ല്‍ ആയിരിക്കും അവര്‍ റിട്ടയര്‍ ചെയ്യുക. അവര്‍ ശരാശരി 25 വര്‍ഷം ജീവിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍ 2060കളിലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ തുടരും.

ആവശ്യാധിഷ്ഠിത സാര്‍വത്രിക പെൻഷൻ

പെൻഷൻ വ്യവസ്ഥ സമൂലം അഴിച്ചുപണിയാതെ കേരളത്തിന് ഒരുകാലത്തും സാമ്ബത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാവില്ല. നീതിയുടെയോ ധനശാസ്ത്ര യുക്തിയുടെയോ അടിസ്ഥാനമില്ലാത്തതും കാലഹരണപ്പെട്ടതുമായ ഒരു വ്യവസ്ഥയെ താങ്ങിനിര്‍ത്താൻ എത്രമാത്രം വിഭവങ്ങള്‍ സമാഹരിച്ചാലും കടമെടുത്താലും സാധ്യമല്ല. കേരളത്തിലെ വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ മൂലകാരണം ഇന്നത്തെ പെൻഷൻ വ്യവസ്ഥയാണ്.

പാവപ്പെട്ടവരില്‍നിന്നും പുറംപോക്കില്‍ കിടക്കുന്നവരില്‍നിന്നും നിശ്ശബ്ദമായി സമ്ബത്ത് ഊറ്റിയെടുത്ത് മധ്യവര്‍ഗത്തിനും സമ്ബന്നര്‍ക്കും എത്തിച്ചുകൊടുക്കുകയാണ് ഈ വ്യവസ്ഥ. കൂടുതല്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സമുദായങ്ങള്‍ക്ക് ആനുപാതികമല്ലാത്ത നേട്ടം ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഇത് പ്രാദേശികമായ അസമത്വത്തിനും കാരണമാകുന്നു.

സര്‍വിസ് പെൻഷൻകാരും സര്‍വകലാശാലകള്‍ പോലെയുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്ളവരുമായ ഏകദേശം ഏഴു ലക്ഷം പേര്‍ക്കായി പ്രതിവര്‍ഷം 30,000 കോടി രൂപയാണ് ഇന്ന് മാറ്റിവെക്കപ്പെടുന്നത്. മുഴുവൻ ജനങ്ങളും നികുതികൊടുത്ത് സ്വരൂപിക്കുന്ന ഈ തുക മുഴുവൻ വൃദ്ധജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.

വൃദ്ധജനങ്ങളുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. സാമ്ബത്തികസ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുക്കുന്ന ആവശ്യാധിഷ്ഠിത സാര്‍വത്രിക പെൻഷനിലേക്ക് മാറുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള പരിഹാരം.

അതോടൊപ്പം പരിഷ്കൃത സമൂഹങ്ങളിലെ പെൻഷൻ വ്യവസ്ഥപോലെ പ്രവര്‍ത്തന നിരതമായിരിക്കുന്ന വര്‍ഷങ്ങളില്‍ പെൻഷൻ ഫണ്ടുകളില്‍ നിക്ഷേപിച്ച്‌ പെൻഷന് അര്‍ഹരാകുന്ന വ്യവസ്ഥയിലേക്ക് പടിപടിയായി മാറുകയും വേണം.

അധ്വാനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ വ്യക്തികളില്‍നിന്നും ഒരു നിശ്ചിതതുക പെൻഷനുവേണ്ടി പിടിച്ചുമാറ്റിവെക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവും കൊണ്ടുവരണം. ഇതിന്റെ ഭാഗമായി പൊതുമേഖലയില്‍ ഒരു പെൻഷൻ ഫണ്ട് രൂപവത്കരിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്റെ അധീനത്തിലുള്ള ഭൂമിയുടെയും മൂല്യത്തിന്റെ ഒരു ഭാഗം പണമാക്കി (Monetise) മാറ്റി പെൻഷൻ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാം.

ഭൂപരിഷ്കരണത്തിനുശേഷം കേരളം ദര്‍ശിക്കാൻ പോകുന്ന സാമൂഹിക വിപ്ലവമായിരിക്കും പെൻഷൻ വ്യവസ്ഥയുടെ പരിഷ്കരണം. ഇത് അധ്വാനത്തോടും മിച്ചം പിടിക്കലിനോടുമുള്ള സാധാരണ ജനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കും.

വൃദ്ധജനങ്ങളുടെ കൈകളിലെത്തുന്ന പെൻഷൻ ഉടൻതന്നെ പ്രാദേശിക വിപണികളിലെത്തി സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. അതോടെ സര്‍ക്കാറിന്റെ നികുതി വരുമാനം പതിന്മടങ്ങ് വര്‍ധിക്കും. സാമൂഹിക പുരോഗതിയുടെയും സാമ്ബത്തിക വളര്‍ച്ചയുടെയും ഒരു പുതിയ ചാക്രികത തന്നെ ഇങ്ങനെ രൂപപ്പെടും.

(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കല്‍റ്റി അംഗമാണ്)

Related Articles

Back to top button