InternationalLatest

സുല്‍ത്താന് ഇന്ത്യയില്‍ ഊഷ്മള വരവേല്‍പ്പ്

“Manju”

മസ്കത്ത്: പ്രഥമ സന്ദര്‍ശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിനും ഉന്നതതല പ്രതിനിധി സംഘത്തിനും ഇന്ത്യയില്‍ ഊഷ്മള വരവേല്‍പ്.
സുല്‍ത്താനെ സ്വാഗതം ചെയ്തത് വിദ്യാര്‍ഥി സംഘത്തിന്‍റെ നൃത്ത പരിപാടികളും അരങ്ങേറി. മൂന്ന് ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. പ്രസിഡന്‍റ് ദ്രൗപതി മുര്‍മുവിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ സുല്‍ത്താന് രാഷ്ട്രപതിഭവനില്‍ ശനിയാഴ്ച ഔദ്യോഗിക സ്വീകരണം നല്‍കും. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിന് സന്ദര്‍ശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും സുല്‍ത്താൻ സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സുല്‍ത്താൻ ഞായറാഴ്ച മടങ്ങും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒമാനില്‍നിന്നുള്ള രാഷ്ട്രത്തലവൻ ഇന്ത്യയില്‍ എത്തുന്നത്. ഇതിന് മുമ്ബ് 1997ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദര്‍ശിച്ചത്.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അല്‍ സഈദ്, ദിവാൻ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താൻ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിൻ ഹമദ് അല്‍ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അല്‍ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയര്‍മാൻ അബ്ദുല്‍സലാം ബിൻ മുഹമ്മദ് അല്‍ മുര്‍ഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എൻജിനീയര്‍ ഖായിസ് ബിൻ മുഹമ്മദ് അല്‍ യൂസഫ്, ഊര്‍ജ, ധാതു മന്ത്രി എൻജിനിയര്‍ സലിം ബിൻ നാസര്‍ അല്‍ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡര്‍-അറ്റ്-ലാര്‍ജ് ശൈഖ് അബ്ദുല്‍ അസീസ് ബിൻ അബ്ദുല്ല അല്‍ ഹിനായി, ഇന്ത്യയിലെ ഒമാൻ അംബാസഡര്‍ ഇസ സാലിഹ് അല്‍ ഷിബാനി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘം സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.
നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ല്
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുല്‍ത്താന്‍റെ സന്ദര്‍ശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തേ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഒമാനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവും സാമ്ബത്തികപരവുമായ സുദൃഢ ബന്ധമാണുള്ളത്. സംവത്സരങ്ങള്‍ക്ക് മുമ്ബ് ആരംഭിച്ച വ്യപാര വാണിജ്യബന്ധം പൂര്‍വാധികം ഇന്നും തുടരുന്നു. നൂറിലേറെ ഇന്ത്യൻ കമ്ബനികളും ഏഴ് ലക്ഷത്തോളം പ്രവാസികളും ഒമാന്‍റെ മണ്ണില്‍ ഇപ്പോഴുണ്ട്.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച സന്ദര്‍ശനങ്ങള്‍
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രിമാര്‍ വിവിധ സമയങ്ങളില്‍ സുല്‍ത്താനേറ്റില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി (1985), പി.വി.നരസിംഹ റാവു (1993), അടല്‍ ബിഹാരി വാജ്പേയി (1998), ഡോ മൻമോഹൻ സിങ് (2008), നരേന്ദ്ര മോദി (2018) തുടങ്ങിയരാണ് ഒമാനിലെത്തിയ പ്രധാനമന്ത്രിമാര്‍. 2019ല്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും, ഈ വര്‍ഷം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒമാനില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാഷ്ട്രമായിരുന്നു.

Related Articles

Back to top button