IndiaLatest

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’

“Manju”

ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഒരുങ്ങിയ ബോളിവുഡ് സിനിമയാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ശ്രദ്ധേയമായ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇടം നേടിയ ചിത്രം കൂടിയാണിത്‌.
സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും. ചിത്രത്തിനായി അല്‍ഫോണ്‍സ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ‘ഏക് സപ്‌നാ മേരാ സുഹാന’, ‘ജല്‍താ ഹേ സൂരജ്’, മധ്യപ്രദേശിലെ ഗോത്രവര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ പാട്ടുകളാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസി’ല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷൈസണ്‍ പി ഔസേപ്പ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വളരെ ശ്രദ്ധനേടിയിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചലച്ചിത്ര താരം വിന്‍സി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുകയാണ്.

ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയില്‍ ‘ബെസ്റ്റ് വുമന്‍സ് ഫിലിം ‘പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ‘ബെസ്റ്റ് ഹ്യൂമന്‍ റൈറ്‌സ് ഫിലിം’പുരസ്‌കാരവും ‘നേടിയത് ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.

1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട റാണി മരിയയുടെ ജീവചരിത്രമായ ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ രാണ ആണ് നിര്‍മ്മിച്ചത്. ജയപാല്‍ അനന്തന്‍ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാന്‍ മഹേഷ് ആനെ ചായാഗ്രാഹണവും നിര്‍വഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ച രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. കൈതപ്രത്രമാണ് ഗാനരചന നിര്‍വഹിച്ചത്. നിര്‍മ്മാണ നിര്‍വഹണം ഷാഫി ചെമ്മാട്.

Related Articles

Back to top button