LatestThiruvananthapuram

പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും

“Manju”

സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്ന് മുഖ്യമന്ത്രി. ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ പറഞ്ഞു.യോഗത്തിൽ വീല്‍ച്ചെയറിലെത്തിയ ആലംകോട് വഞ്ചിയൂര്‍ സ്വദേശിയായ ഹിമ മനുകുമാറിന്റെ നിവേദനത്തിൽ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് ഹിമക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.

നിലവിലുള്ള സർക്കാർ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരളമെന്ന സ്വപ്നം സർക്കാർ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമയുടെ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി. മന്ത്രിമാരായ ആർ. ബിന്ദു, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി തുടങ്ങിയവരും ഹിമയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഉന്നയിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹിമ പറഞ്ഞു.

സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച 16 വര്‍ഷത്തിലധികമായി വീല്‍ച്ചെയറിലാണ് ഹിമ. മികച്ചൊരു എഴുത്തുകാരി കൂടിയായ ഹിമ കൃഷിയും പൂന്തോട്ട പരിപാലനവും സാമൂഹിക സേവനവുമൊക്കെയായി സജീവമാണ്. ഭർത്താവ് മനുകുമാർ, അമ്മ ലീന, സഹോദരൻ ഹിജിത്ത് എന്നിവർക്കൊപ്പമാണ് ഹിമയെത്തിയത്.

Related Articles

Back to top button