KeralaLatest

ജീവിതത്തിലെ സൗഹൃദങ്ങളെ നമുക്ക് കാണാന്‍ കഴിയണം: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ഭരണിക്കാവ് : നമ്മുടെ ജീവിതത്തിലെ സൗഹൃദങ്ങളെ നമുക്ക് കാണാന്‍ കഴിയണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കൊല്ലം ഭരണിക്കാവ് പോരുവഴിയിലെ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നമുക്ക് കാണാന്‍‍ കഴിയാതെ പോകുന്നത് ജീവിതത്തിലെ സൗഹൃദങ്ങളാണ്. നാം ജീവിക്കുന്ന സമയത്ത് നല്ല സൗഹൃദങ്ങള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കണം. ആ സൗഹൃദങ്ങള്‍ വെള്ളവും വളവും പോലെയാണ്. അതാണ് പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ മുതല്‍ക്കൂട്ടായി മാറുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു.

മനുഷ്യര്‍ എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയരായിരിക്കണം. ആത്യന്തികമായി ആ മാറ്റങ്ങള്‍‍‍ അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നുവെന്നുള്ളതാണ്. നമ്മളില്‍‍ മാറ്റമുണ്ടാകുമ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് മാറ്റമുണ്ടാകുമെന്ന് വിചാരിക്കരുത്. ആ പ്രശ്നത്തെ നമ്മള്‍ അതിജീവിക്കണം. നമ്മുടെ മനസ്സിന്‌ ധൈര്യമുണ്ടായിരിക്കണം. എന്തും സഹിക്കാനുള്ള ശക്തിയുണ്ടായാല്‍ നമ്മള്‍ ആ പ്രശ്നത്തിന്റെ അപ്പുറത്ത് എത്തിയിരിക്കും. വേദനകളും ദു:ഖങ്ങളും വരുമ്പോള്‍ മാത്രമാണ് നാം ആരാധനാലയങ്ങളിലേക്ക് വന്ന് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ സന്തോഷം വരുമ്പോള്‍ നമ്മള്‍ പോകുന്നത് ആരാധനായലയങ്ങളിലേക്കല്ല. നമ്മുടെ ജീവിതത്തില്‍ സന്തോഷം തരുന്നത് ദൈവമാണ്. നമ്മുടെ ജീവിതത്തില്‍ ദു:ഖമുണ്ടാകുമ്പോള്‍ അടിസ്ഥാനപരമായി ദൈവത്തെ മാത്രം പഴിച്ചതുകൊണ്ട് കാര്യമില്ലായെന്നും അദ്ദേഹം പറഞ്ഞു. പരിപാടി റവ.ഫാ. അലക്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗാന ശുശ്രൂഷ, വചന ശുശ്രൂഷയും റവ.ഫാ.ജോജി.കെ.ജോയി യുടെ നേതൃത്വത്തില്‍ കാന്‍ഡില്‍ പ്രയര്‍ സമാപന സന്ദേശവും നടന്നു.

Related Articles

Back to top button