KeralaLatest

കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, ഇനി കലാമാമാങ്കത്തിന്‍റെ അഞ്ച് രാപ്പകലുകള്‍

“Manju”

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരി തെളിയിച്ചത്. പ്രിൻസിപ്പിൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ് ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി വി .ശിവൻകുട്ടി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മന്ത്രിമാരായ കെ .എൻ.ബാലഗോപാൽ, കെ .രാജൻ, കെ .ബി .ഗണേഷ്കുമാർ, ജെ .ചിഞ്ചു റാണി എന്നി വരും എൻ കെ പ്രേമചന്ദ്രൻ എം പി , മു കേ ഷ്, എം എൽഎ എന്നിവരും പങ്കെടുത്തു . നടി നിഖില വിമല്‍ മുഖ്യാഥിതിയായിരുന്നു.

24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും.

23 സ്കൂളുകളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വേദികളിലും ഭക്ഷണ ശാലകളിലും എത്തിക്കുന്നതിന് 30 സ്കൂള്‍ ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം പ്രത്യേകം ബോര്‍ഡ് വച്ച 25 ഒട്ടോറിക്ഷകളും വേദികളില്‍ നിന്ന് വേദികളിലേക്ക് മത്സാരാത്ഥികളെ എത്തിക്കുന്നതിന് വേണ്ടി സൗജന്യ സേവനം നടത്തുന്നുണ്ട്. എല്ലാ വേദികളിലേക്കും കെ എസ് ആര്‍ ടി സിയും കൊല്ലം കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യ യാത്ര നടത്തും.

കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്സ് ജംക്ഷൻ മുതൽ ചിന്നക്കട വരെയുള്ള റോഡിൽ വൺവേ ട്രാഫിക്ക് മാത്രമേ അനുവദിക്കൂ. ഈ റോഡിലൂടെ കെഎസ്ആർടിസി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ അനുവദിക്കില്ല. വേദികൾക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാർക്കിങ് സൗകര്യം. നഗരത്തിൽ ടൗൺ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളെ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ഇവ നിർബന്ധമായും മീറ്റർ പ്രവർത്തിപ്പിക്കണമെന്നും നിർദേശമുണ്ട്.

Related Articles

Back to top button