IndiaLatest

റിപ്പബ്ലിക് ദിന പരേഡില്‍ വനിതകള്‍ മാത്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പോലീസിനായി വനിതാ സംഘമാകും മാര്‍ച്ച്‌ ചെയ്യുക. സേനയുടെ ചരിത്രത്തിലാദ്യമായാണ് മാര്‍ച്ചിംഗ് പരേഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്നത്. വനിതാ ഐപിഎസ് ഓഫീസര്‍ ശ്വേത കെ സുഗതനാകും 194 വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടുന്ന സംഘത്തെ നയിക്കുക.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാകും പരേഡില്‍ പങ്കെടുക്കുന്ന 80 ശതമാനം പേരും. പോലീസും ജനങ്ങളും തമ്മിലുള്ള അന്തരം ലഘൂകരിക്കുന്നതിനായി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് നിയമിക്കുന്നതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. കര്‍ത്ത്യപഥത്തില്‍ പരിശീലന നടപടികള്‍ പുരോഗമിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തവണ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും തുടക്കകാരണെന്നും എല്ലാവരും വളരെ ആവേശത്തിലാണെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ റോബിൻ ഹിബു പറഞ്ഞു. സേനയുടെ സായുധ വിഭാഗത്തില്‍ നിന്നാണ് മാര്‍ച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തത്, അവരില്‍ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ പ്രതിനിധീകരിക്കുമെന്നും ഹിബു പറഞ്ഞു.

135 വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടുന്ന സംഘം പോലീസ് ഗാനവും അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍സ്റ്റബിള്‍ റുയാൻഗുനുവോ കെൻസാകും ബാൻഡിനെ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും വനിതകളാണ് ബാൻഡ് അവതരിപ്പിച്ചതെങ്കിലും പുരുഷ കോണ്‍സ്റ്റബിളായിരുന്നു നയിച്ചിരുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനം ഇരട്ടി ആവേശം പകരുന്നതാണെന്നും പരേഡ് ഏവരെയും ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button