IndiaLatest

ഒരുമാസത്തിനിടെ 5 പുതിയ വിമാനത്താവളങ്ങള്‍ക്കൂടി

“Manju”

അയോധ്യ: ഉത്തര്‍പ്രദേശിലെ വികസനത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2014-ല്‍ ആറു വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ ഇന്നുള്ളത് 10 വിമാനത്താവളങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുമാസത്തിനിടെ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ക്കൂടി യുപിയില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് സിന്ധ്യ പറഞ്ഞു.

അഹമ്മദാബാദും അയോധ്യയും ബന്ധിപ്പിച്ച്‌ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തുന്ന വിമാന സര്‍വീസിന്റെ ഉദ്ഘാടനവേളയിലാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം പറഞ്ഞത്. സിന്ധ്യയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓണ്‍ലൈനായാണ് വിമാനം ഫ്ളാഗ് ഓഫ് ചെയ്തത്.

അടുത്ത മാസത്തോടെ അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ശ്രാവസ്തി, ചിത്രകൂട് എന്നീ സ്ഥലങ്ങളില്‍ വിമാനത്താവളങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജേവാറില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉയരുമെന്നും സിന്ധ്യ പറഞ്ഞു.

ഡിസംബര്‍ 30-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹാഋഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉത്തര്‍പ്രദേശിന്റെ വികസനത്തില്‍ എടുത്തുപറയാവുന്ന വികസനങ്ങളാണെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

ജനുവരി 22-ന് നടക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അതിഥികളേയും കൊണ്ട് പറന്നിറങ്ങുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങില്‍ പറഞ്ഞു.

Related Articles

Back to top button