IndiaKeralaLatest

സുത്തൂര്‍ മഠം ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്നയിടം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

“Manju”

മൈസൂര്‍ : സുത്തൂര്‍ മഠം ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്നു വെന്നും, ലോകത്ത് സമാധാനവും ഐശ്വര്യവും പുരോഗമാത്മക ചിന്തയും വൈവിദ്ധ്യത്തിലെ ഏകത്വവുമെല്ലാം സൂക്ഷിച്ചുപോകുന്നതില്‍ നമ്മുടെ സന്ന്യാസ പാരമ്പര്യത്തിനുള്ള പങ്ക് വലുതാണെന്നും അത് ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ സുത്തൂര്‍ മഠം പ്രമുഖ പങ്കുവഹിക്കുന്നുവെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. മൈസൂര്‍ സുത്തൂര്‍ ജാത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹ വിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ഏകത്വത്തിന്റെയും നന്മയുടെയും പ്രതിഫലനമാണ് ഇവിടെ നടക്കുന്ന ഓരോ ചടങ്ങുകളെന്നും സ്വാമി പറഞ്ഞു. മംഗല്യ സൂത്രത്താല്‍ ബന്ധിതരായ ഏവര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും സ്വാമി പറഞ്ഞു.

ഡൽഹിയിലെ സുത്തൂർ ഭവന്‍ ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ചിന്റെ സമീപത്താണ്. നിരവധി കാര്യങ്ങളില്‍ സുത്തൂര്‍ മഠവുമായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ന്യൂഡല്‍ഹിയിലെ ശാന്തിഗിരി ആശ്രമത്തിന് കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി സെന്ററിന്റെ സമർപ്പണ ചടങ്ങ് ഡൽഹിയിൽ നടന്നിരുന്നു, സുത്തൂര്‍ മഠാധിപതി മഹാ സ്വാമിജി അതില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം ന്യൂഡല്‍ഹി ആശ്രമത്തിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിലുള്ള ക‍‍ൃതജ്ഞത ഈ അവസരത്തില്‍ അറിയിക്കുന്നു വെന്നും സ്വാമി പറഞ്ഞു.

എല്ലാവര്‍ഷവും ശ്രീ സുത്തൂർ ശ്രീക്ഷേത്രത്തിൽ പുഷ്യ ബഹുല ദ്വാദശി മുതൽ മാഘ ശുദ്ധ ബിഡിഗെ വരെ നടത്തിവരുന്ന വാര്‍ഷികാഘോഷത്തില്‍ ഇത്തവണ ആദ്യമായാണ് സ്വാമി പങ്കെടുക്കുന്നത്. ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, ബംഗളൂരു ഏരിയ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി എന്നിവരും സ്വാമിയ്ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തു. സമൂഹത്തിൻ്റെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന വിവിധ ആത്മീയ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളാണ് ആറ് ദിവസത്തെ ആഘോഷങ്ങളിൽ ഉൾപ്പെടുന്നത്. കാഗിനിലെ ശ്രീ കനകഗുരു പീഠത്തിലെ ജഗദ്ഗുരു ശ്രീനിരഞ്ജനാനന്ദപുരി മഹാരാജും ചടങ്ങുകള്‍ സ്വാമിയ്ക്കൊപ്പം പങ്കെടുത്തു. രാഷ്ട്രീയ സാമൂഹിക വ്യവസായിക കലാരംഗത്തെ നിരവധി പേര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ആയിരത്തിലധികം വർഷത്തെ ചരിത്രമുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ് സുത്തൂർ മഠം. എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകളുടെ ആത്മീയവും വിദ്യാഭ്യാസപരവുമായ വികസനത്തിനായി മഠം പ്രവർത്തിക്കുന്നു. വിജ്ഞാനത്തിൻ്റെയും ജ്ഞാനത്തിന്റെയും ഇരിപ്പിടമാണ് ഇവിടം. ശ്രേഷ്ഠരായ ശൈവ ചിന്തകർ പ്രചരിപ്പിച്ച ആത്മീയ ആശയങ്ങളിൽ അധിഷ്ഠിതമായ സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ ലക്ഷ്യം ഉയർത്തിപ്പിടിക്കുന്ന സജീവമായ ഒരു പ്രസ്ഥാനമായി സുത്തൂർ ജഗദ്ഗുരു ശ്രീ വീരസിംഹാസൻ മഠത്തെ ഉചിതമായി വിശേഷിപ്പിക്കാം. ഇന്ന് മഠത്തിൻ്റെ പ്രവർത്തനങ്ങളും സ്വാധീനവും കർണാടകയിലെ കപില നദിയുടെ തീരത്തുള്ള ചെറിയ പ്രദേശങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ മാത്രമല്ല, ലോകത്തിന്റെ പല രാജ്യങ്ങളിലെയും സമൂഹങ്ങളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button