KeralaLatest

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍

“Manju”

 

കൊച്ചി: ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുകയാണ്. കൊച്ചിക്കാരുടെ യാത്രാക്ലേശം ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് ഉദ്ഘാടനം ചെയ്യും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സര്‍വീസ്. ഒട്ടനവധി സവിശേഷതകളുമായാണ് കൊച്ചി വാട്ടര്‍ മെട്രോ വരുന്നത്.

രാവിലെയും വൈകിട്ടും 15 മിനിറ്റ് ഇടവിട്ട് ബോട്ടുകള്‍ സര്‍വീസ് നടത്തും. മറ്റു സമയങ്ങളില്‍ 20-30 മിനിട്ട് ഇടവിട്ടായിരിക്കും സര്‍വീസ്. വൈകാതെ വൈറ്റിലകാക്കനാട് റൂട്ടിലും വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ആധുനിക സംവിധാനങ്ങളും ലോകോത്തര ടെര്‍മിനലുകളുമായി ശബ്ദരഹിത എ.സി വൈദ്യുത ബോട്ടുകള്‍ ഉള്‍പ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തെ ആദ്യത്തേതാണ്.

തുടക്കത്തില്‍ എട്ട് അലുമിനിയം കട്ടാമരന്‍ ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. ഒരേസമയം 100 യാത്രക്കാര്‍ക്ക് കയറാവുന്ന ബോട്ടുകളാണ് ഹൈക്കോര്‍ട്ട്വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബോട്ടില്‍ മൂന്ന് ജീവനക്കാരാണ് ഉണ്ടാകുക. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്‍റെ വില. 10-15 മിനിട്ട് ചാര്‍ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ സര്‍വീസ് നടത്താനാകും.

വൈകാതെ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളും 38 ടെര്‍മിനലുകളും വാട്ടര്‍ മെട്രോയുടെ ഭാഗമാകുന്നത്. 736 കോടിയുടെ പദ്ധതിയാണിത്. 76 കിലോമീറ്റര്‍ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ്. വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ വരുന്നതോടെ നഗരത്തിലെയും സമീപത്തെയും 10 ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരവും. വിനോദസഞ്ചാരമേഖലയ്ക്കും വാട്ടര്‍ മെട്രോ സഹായകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ 25ന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുന്നതോടെ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മെട്രോ റെയില്‍ എം.ഡി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Related Articles

Back to top button