KeralaLatest

വൈറല്‍ ഹെപ്പെറ്റൈറ്റിസ്: മലപ്പുറത്ത് ഒരാള്‍ കൂടി മരണപ്പെട്ടു

“Manju”

ജില്ലയില്‍ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരണപ്പെട്ടത്. ഇതൊടെ ജില്ലയില്‍ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തും . നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളില്‍ പ്രത്യേക ശ്രദ്ധ പുലർത്തണം.

പ്രതിരോധ മാർഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

* ചൂട് കൂടിയതിനാല്‍ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് സാധ്യത കൂടുതലാണ്. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങള്‍ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

* തിളപ്പിച്ച്‌ ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ചുരുങ്ങിയത് മൂന്ന് മിനിറ്റ് വെള്ളം തിളപ്പിക്കണം

* തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്.

* മലമൂത്ര വിസർജനം കക്കൂസുകളില്‍ മാത്രമാക്കുക. കുട്ടികളുടെ വിസർജ്യങ്ങള്‍ കക്കൂസുകളില്‍ മാത്രം നിക്ഷേപിക്കുക.

* ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക.

* രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്ബർക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

* ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാർഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുക

 

Related Articles

Back to top button