KeralaLatest

സംസ്ഥാനത്ത് പാഠപുസ്തക വിതരണം മാര്‍ച്ച്‌ 12 മുതല്‍

“Manju”

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച്‌ 12 മുതല്‍ പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ആകെ 1,43,71,650 പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായും 2,4,6, 8, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ മാർച്ച്‌ 12ന് പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നടക്കും. സംസ്ഥാനത്തെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്ബത് ക്ലാസുകളിലേക്കുള്ള പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച്‌ തയ്യാറാക്കിയ പുസ്തകങ്ങളുടെ അച്ചടി മെയ് ആദ്യവാരത്തോടെ പൂർത്തിയാകും.

മെയ് 10നുള്ളില്‍ തന്നെ ഈ പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനവും നടക്കും. ഓണത്തിന് പുസ്തകം നല്‍കിയിരുന്ന കാലഘട്ടത്തില്‍ നിന്നാണ് അധ്യയനവർഷം ആരംഭിക്കുന്നതിന് മൂന്നുമാസം മുമ്ബ് തന്നെ പുസ്തകം എത്തിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

അതേസമയം മാതൃഭാഷാ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികള്‍ക്ക് നടപ്പിലാക്കിവരുന്ന ‘മധുരം മലയാളം’ പദ്ധതി സംസ്ഥാനത്തെ 9110 സ്കൂളുകളില്‍ നടപ്പാക്കും എന്നും ഒരു സ്കൂളില്‍ 80 പുസ്തകവും അത് സൂക്ഷിക്കാനുള്ള റാക്കും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണല്‍ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി നിർവഹണത്തില്‍ തെരഞ്ഞെടുത്ത 3 സംസ്ഥാനങ്ങളില്‍ ഒന്ന്കേരളമാണെന്ന സന്തോഷവും മന്ത്രി പങ്കുവെച്ചു

Related Articles

Back to top button