KeralaLatest

അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്കിനെതിരെ പോരാട്ടം നടത്തുമെന്ന് പ്രവാസി സംഘടനകള്‍

“Manju”

അബുദാബി: അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താന്‍ തീരുമാനിച്ച് പ്രവാസി സംഘടനകള്‍. അബുദാബിയില്‍ കെ എം സി സി വിളിച്ചുചേര്‍ത്ത പ്രവാസി സംഘനകളുടെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താനുള്ള തീരുമാനം ഉണ്ടായത്. വിമാനനിരക്കിനെ കുറിച്ചു പഠിച്ച പാര്‍ലമെന്റ് ഉപസമിതി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ആവശ്യം ശക്തമാക്കാനാണ് നീക്കം.

സീസണായാല്‍ പ്രവാസിയുടെ നടുവൊടിക്കുന്ന വിധമുള്ള കുതിക്കുന്ന ടിക്കറ്റ് നിരക്കാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ഇതിനെതിരെ വലിയ ചര്‍ച്ചകളുണ്ടായ അബുദാബിയിലെ ഡയസ്‌പോറ സമ്മിറ്റിന്റെ തുടര്‍ ചര്‍ച്ചകളിലാണ് ഇതിനെ എങ്ങനെ നേരിടണമെന്ന ചര്‍ച്ചകളുണ്ടായത്. വിഷയം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി സമര്‍പ്പിച്ച, പരിഹാരമുള്‍പ്പടെ അടങ്ങിയ റിപ്പോര്‍ട്ട് മുന്നിലിരിക്കെ ഇതില്‍ ചര്‍ച്ചകള്‍ പോലുമുണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. നടപടികള്‍ക്കായി സമ്മര്‍ദം ശക്തമാക്കണമെന്നാണ് ചര്‍ച്ചകളിലെ അന്തിമ തീരുമാനം. നിയമ പോരാട്ടവും രാഷ്ട്രീയ സമ്മര്‍ദവും ഒന്നിച്ച് നടത്തണമെന്ന് നിയമവിദഗ്ദര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കി. ഇതോടെയാണ് പ്രവാസി സംഘടനകള്‍ സംയുക്ത പോരാട്ടം പ്രഖ്യാപിച്ചത്.

വിഷയത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നയം മാറ്റണം. വിമാന യാത്രാകൂലിയടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൂടുതല്‍ അധികാരം നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വിമാന യാത്രാ നിരക്ക്, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, പ്രവാസി വോട്ടവകാശം എന്നീ വിഷയങ്ങളില്‍ വലിയ പിന്തുണയാണ് യോഗത്തിനെത്തിയ എല്ലാ സംഘടനകളും പ്രഖ്യാപിച്ചത്.

Related Articles

Back to top button