കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളില്‍ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാലാണ് ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നാണ് അധിക സർവീസ് ഉണ്ടായിരിക്കുക. കൂടാതെ, ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനല്‍ സ്റ്റേഷനിലേക്കുമുളള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11.30-ന് ആയിരിക്കും.
മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവർക്ക് മത്സര ശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി കഴിയുന്നതാണ്. മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോള്‍ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാവുന്നതാണ്.