IndiaLatest

ഇനി വരുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോള്‍ പിരിവ് സംവിധാനം; നിതിൻ ഗഡ്കരി

“Manju”

നാഗ്പൂർ: ടോള്‍ പ്ലാസകള്‍ വഴിയുള്ള നിലവിലെ ടോള്‍ പിരിവ് രീതിക്ക് പകരമായി ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോള്‍ വഴി കടന്നു പോകുന്ന വാഹനങ്ങള്‍ സഞ്ചരിച്ച ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും തുക നിശ്ചയിക്കുന്നത്. ഈ തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കുറയുന്ന രീതിയിലാകും സംവിധാനം നടപ്പിലാക്കുകയെന്നും ഗഡ്കരി വ്യക്തമാക്കി.
” ഇപ്പോഴുള്ള ടോള്‍ സമ്ബ്രദായം അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ സാറ്റലൈറ്റ് അധിഷ്ഠിതമായ ടോള്‍ പിരിവ് സംവിധാനമാകും ഉണ്ടാവുക. വാഹനം സഞ്ചരിച്ചതിന്റെ മൊത്തം ദൂരം കണക്കാക്കിയാകും ടോള്‍ പിരിക്കുന്നത്. വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാകും ഈ തുക കുറയുന്നത്. ടോള്‍ പ്ലാസകളില്‍ കിടന്ന് സമയം പോകാതെയും ഇന്ധനം ലാഭിക്കാനും ഇതുവഴി സാധിക്കും.
അമിതമായി ടോള്‍ പിരിക്കുന്നുവെന്ന തരത്തില്‍ ചിലയിടങ്ങളില്‍ നിന്ന് പരാതികള്‍ ഉണ്ടാകുന്നുണ്ട്. അതിനെല്ലാം ഇതുവഴി പരിഹാരമാകും. ഹൈവേകളില്‍ കാത്ത് നിന്ന് സമയം പോവുകയും ഇല്ല. നേരത്തെ മുംബൈയില്‍ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യാൻ ഒമ്ബത് മണിക്കൂറോളം സമയം വേണ്ടി വന്നിരുന്നു, ഇന്നത് രണ്ട് മണിക്കൂറില്‍ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഏഴ് മണിക്കൂർ സമയത്തെ ഇന്ധനമാണ് ഇവിടെ ലാഭിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും കുറച്ച്‌ പണം നല്‍കേണ്ടി വരും. പൊതു-സ്വകാര്യ നിക്ഷേപത്തിലൂടെയാണ് പല പദ്ധതിയും നടപ്പാക്കുന്നത്.
വൈകാതെ തന്നെ രാജ്യത്തെ ദേശീയ പാതകളുടെ ശൃംഖല അമേരിക്കയിലേതിന് സമാനമാകും. 2024 അവസാനത്തോടെ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കപ്പെടും. റോഡ് ശൃംഖല ഏറ്റവും മികച്ചത് ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഭാരത്മാല രണ്ടില്‍ 8500 കിലോമീറ്റർ ദൂരമാണ് ഉള്‍പ്പെടുന്നത്, ഭാരത്മാല ഒന്നില്‍ 34,000 കിലോമീറ്റർ ദൂരത്തോളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ച്‌ കഴിഞ്ഞു, ഇനിയും ധാരാളം പദ്ധതികള്‍ നടപ്പിലാക്കാനുണ്ട്. ലോകനിലവാരത്തിലുള്ള പാതകള്‍ നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും” ഗഡ്കരി വ്യക്തമാക്കി.

Related Articles

Back to top button