Latest

അഗ്നിരക്ഷാസേനയില്‍ വനിതാ ഉദ്യോഗസ്ഥരും

“Manju”

സംസ്ഥാനത്ത് ആദ്യമായി അഗ്‌നിരക്ഷാസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളില്‍ അഞ്ചുപേരാണ് മലപ്പുറം അഗ്‌നിരക്ഷാനിലയത്തില്‍ ചുമതലയേറ്റത്. ഇനി തീയാളുന്നിടങ്ങളില്‍, ദുരന്തമേഖലകളില്‍ എല്ലാം മാലാഖമാരായി ഈ ‘ഫയര്‍വിമണ്‍’ കൂടിയുണ്ടാവും.

സംസ്ഥാനത്തെ ആദ്യ വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബാച്ചിലുള്ളവരാണിവര്‍. വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ ആറു മാസത്തെ കഠിനമായ പരിശീലനത്തിനു ശേഷമാണ് ഇവര്‍ സേനയിലെത്തുന്നത്. ഫയര്‍ ഫൈറ്റിങ്, സ്‌ക്യൂബ ഡൈവിങ്, നീന്തല്‍, റോപ്പ് റെസ്‌ക്യൂ, മൗണ്ടനീയറിങ് തുടങ്ങിയ അടിസ്ഥാനപരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി വേണ്ടത് പ്രായോഗികപരിശീലനം.

നിലമ്പൂര്‍ സ്വദേശിനി എസ്. അനു, അരീക്കോട് സ്വദേശിനി എം. അനുശ്രീ, മൂന്നിയൂര്‍ സ്വദേശിനി പി.പി. വിജി, വേങ്ങര സ്വദേശിനി ടി.പി. ഹരിത, എടക്കര പാലേമാട് സ്വദേശിനി ശ്രുതി പി. രാജു എന്നിവര്‍ക്കാണ് മലപ്പുറം സ്റ്റേഷനില്‍ നിയമനം ലഭിച്ചത്. ഇവര്‍ക്ക് ആദ്യ ആറു മാസക്കാലം നിലയപരിശീലനമാണ്.

ചാര്‍ജെടുത്ത് നാലുദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തീപ്പിടിത്തമാണ് തങ്ങള്‍ നേരിടുന്നതെന്ന് അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സേനാംഗം എം. അനുശ്രീ പറഞ്ഞു. ആദ്യത്തേത് ഇന്‍കെല്‍ വ്യവസായമേഖലയിലായിരുന്നു. പെണ്‍കുട്ടികളെന്ന തരംതിരിവൊന്നും നേരിടുന്നില്ലെന്നാണ് അനുശ്രീയുടെ പക്ഷം. കൂടെയുള്ള മുതിര്‍ന്നവര്‍ എല്ലാകാര്യത്തിലും സഹായത്തിനുണ്ട്. എല്ലാ യാത്രകളിലും കൂടെ കൊണ്ടുപോവാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നും അനുശ്രീ പറഞ്ഞു.

ചൊവ്വാഴ്ച ആലത്തൂര്‍പടി മഅദിന്‍ എഡ്യുപാര്‍ക്കിനു സമീപത്തെ ഒരേക്കറോളം പറമ്പിനു തീപിടിച്ചത് അണയ്ക്കാനാണ് അനുശ്രീയും ഹരിതയും നിയോഗിക്കപ്പെട്ടത്. ചൊവാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. മേല്‍മുറി ആലിങ്ങല്‍ മുഹമ്മദ് ഹാജിയുടെ പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ.എസ്. പ്രദീപ്, കെ.പി. ഷാജു, കെ.പി. ജിഷ്ണു , ഡ്രൈവര്‍ പി. അഭിലാഷ് തുടങ്ങിയവര്‍ ദൗത്യത്തില്‍ പങ്കെടുത്തു.

Related Articles

Back to top button