KeralaLatest

ഭാരതീയ സംസ്കാരത്തിന്റെ തനിമയാണ് സനാതന ധർമ്മം ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

അടൂർ : സനാതന ധർമ്മമെന്നു പറയുന്നത് ഭാരതീയ സംസ്കാരത്തിന്റെ തനിമയാണെന്നും, സന്യാസിമാരുടെയും ഋഷിമാരുടെയും ധ്യാനത്തിന്റെയും തപസ്യയുടെയും ഫലമായി ഈശ്വരനിലൂടെ സാക്ഷാത്ക്കരിച്ചെടുത്ത അറിവ് വേദമായും ഉപനിഷത്തായും അനന്തര ലോകത്തിലേക്ക് പകർന്ന് ലഭിച്ച പാരമ്പര്യമാണ് അത് എന്നും സ്വാമി പറഞ്ഞു. അടൂർ മണക്കാല ശ്രീശുഭാനന്ദാശ്രമത്തിന്റെ 44-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികളുടെ ഉത്രാടംജന്മദിനാഘോഷവും രഥ വാഹന ഘോഷയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. സാധാരണക്കാരുടെ ഇടയിൽ അവരുടെ സാമൂഹികമായ അസമത്വവും, വേദനയും ദുഃഖവും സ്വയം കൂടി അനുഭവിച്ച് അതിൽ നിന്ന് ഒരു മോചനത്തിനായി പ്രവർത്തിച്ച് മാർഗ്ഗദർശിയായ ഗുരുവര്യനാണ് ശുഭാനന്ദഗുരുവെന്ന് സ്വാമി പറഞ്ഞു. ഗുരുക്കന്മാരാണ് ഭാരതീയ പാരമ്പര്യത്തിന്റെ മാർഗ്ഗദർശികൾ, ഗുരുവിനെ ലോകത്തിന് നേരിട്ട് ബോധ്യപ്പെടുത്തുവാൻ കഴിയില്ല. അനുഭവമുള്ള ഗുരുവിനെ സാക്ഷാത്ക്കരിച്ച ശിഷ്യനിലൂടെയാണ് ഗുരുവിന്റെ ആശയങ്ങൾ ലോകത്തേക്ക് പ്രസരിക്കുന്നത്. ഗുരുവിനെ വിശ്വസിച്ച് സാക്ഷാത്ക്കരിച്ച് ഗുരുവിന്റെ പാതയിലൂടെ ലോകത്തെ നോക്കിക്കാണുക, അവശരെ ചേർത്ത് വെയ്ക്കുക, അങ്ങനെ ശിഷ്യരിലൂടെയാണ് ലോകം അപ്രകാരമായിരിക്കും ലോകം അറിയുക.

ഉച്ചയ്ക്ക് 2 മണിക്ക് ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷനായിരുന്നു. ചെറുകോൽ ശുഭാനന്ദാശ്രമം മഠകാര്യദർശി സ്വാമി തപസ്യാനന്ദൻ സ്വാഗതം ആശംസിച്ച യോഗത്തിന് സാഹിത്യകാരൻ ജോർജ് തഴക്കര, ശുഭാനന്ദ ട്രസ്റ്റി സ്വാമി വേദാനന്ദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഏറത്ത് പഞ്ചായത്ത് പ്രഡിസന്റ് സന്തോഷ് ചാത്തന്നൂപ്പൂഴ, ശുഭാനന്ദാശ്രമം ചെറുകോൽ കാര്യദർശികളായ സന്ന്യാസിനി പാർവ്വതിയമ്മ, സ്വാമി നിയുക്താനന്ദൻ, ഹരിഭക്തൻ (ദുബായ്), ചൂരക്കോട് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ശാന്തൻ പിള്ള എന്നിവർ ആശംസയർപ്പിച്ചു. ശാഖാ സെക്രട്ടറി രവി എസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി വിളംബര പ്രകാശയാത്രയും ആശ്രമ പ്രദക്ഷിണവും എഴുന്നള്ളത്തും പ്രാർത്ഥനയും നടന്നു. രാത്ര 10 മണിമുതൽ ഭക്തിഗാന സുധയും അരങ്ങേറി.

Related Articles

Back to top button