IndiaLatest

ഇന്ത്യയുടെ ഭാവി നായകനെ കുറിച്ച് സുനില്‍ ഗവാസ്കര്‍

“Manju”

മുംബൈ : വിരാട് കോഹ് ലിയ്ക്ക് ശേഷം ആരാകും ടീം ഇന്ത്യയുടെ നായകന്‍ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. നിലവില്‍ കോഹ് ലിയും രോഹിത്തുമുളളതിനാല്‍ നായകനെ അന്വേഷിക്കേണ്ട കാര്യമില്ല എന്നാല്‍ ഇവര്‍ക്ക് ശേഷം ആരാകും നായകന്‍ എന്നതാണ് ചോദ്യം.

യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്നിലുള്ളത്. പഞ്ചാബിനെ നയിച്ച്‌ രാഹുലും ഡല്‍ഹിയെ നയിച്ച്‌ ശ്രേയസും പന്തും ഇതിനോടകം തന്നെ കഴിവ് തെളിയിച്ച്‌ കഴിഞ്ഞു. ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ ഫൈനലിലെത്തിച്ചാണ് ശ്രേയസ് കരുത്തറിയിച്ചത്. എന്നാല്‍ ശ്രേയസിന് പരിക്കേറ്റതോടെ അപ്രതീക്ഷിതമായി നായകസ്ഥാനത്തേക്കെത്തിയ താരമാണ് ഋഷഭ് പന്ത്.

ഈ സീസണില്‍ ഇതുവരെ ടീമിനെ മികച്ച രീതിയില്‍ നയിച്ച പന്ത് തന്നെയാണ് നായകനാകാന്‍ ഏറ്റവും യോഗ്യനെന്നാണ് ഗവാസ്കറുടെ പക്ഷം. ഡല്‍ഹി ക്യാപിറ്റല്‍സ് പോലൊരു ടീമിന്റെ നായകനാണ് ഋഷഭ്. അവനെ സ്വാഭാവിക ശൈലിക്ക് കളിക്കാന്‍ അനുവദിച്ചാല്‍ തീയായി മാറുന്ന തീപ്പൊരിയാണ് അവന്‍. തെറ്റുകള്‍ അവനും സംഭവിച്ചിട്ടുണ്ട്. ആര്‍ക്കാണ് തെറ്റ് പറ്റാത്തത്? ഇതിനോടകം അവന്‍ തന്റെ നായക മികവ് എന്തെന്ന് കാട്ടിക്കൊടുത്തിട്ടുണ്ട്. നിലയുറപ്പിക്കുന്ന ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ തന്റേതായ തന്ത്രങ്ങള്‍ പയറ്റുന്ന നായകനാണവന്‍. അവന്‍ ഭാവിയിലെ നായകനാണ്.അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ഗവാസ്കര്‍ പറയുന്നു.

നിലവില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന നല്‍കുന്ന താരമാണ് പന്ത്. ഇന്ത്യന്‍ ടീമില്‍ ധോണി ഒഴിച്ചിട്ട വിടവ് നികത്താനും റിഷഭിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയമായത് പന്തിന്റെ പ്രകടനമായിരുന്നു.

Related Articles

Back to top button