ന്യൂഡല്‍ഹി: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇസ്രായേലും പുതിയ കരാറില്‍ ഒപ്പുവെച്ചു. പുതു തലമുറ സാങ്കേതികവിദ്യകളും ഡ്രോണുകള്‍, റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള് വികസിപ്പിക്കുകയാണ് ലക്ഷ്യം.
വളര്‍ന്നുവരുന്ന ഇന്തോ-ഇസ്രായേല്‍ സാങ്കേതിക സഹകരണത്തിന്റെ ‘പ്രകടമായ പ്രകടനം’ എന്നാണ് പ്രതിരോധ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചത്. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡി.ആര്.ഡി.ഒ) ഇസ്രായേലിന്റെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റും (ഡി.ഡി.ആര് ആന്‍ഡ് ഡി) തമ്മിലാണ് കരാര്‍ ഉറപ്പിച്ചത്. ഡി.ആര്.ഡി.ഒ ചെയര്മാന് ജി. സതീഷ് റെഡ്ഡിയും ഡി.ഡി.ആര് ആന്‍ഡ് ഡി മേധാവി ഡാനിയല്‍ ഗോള്‍ഡും ചൊവ്വാഴ്ച കരാറില്‍ ഒപ്പുവച്ചു.