ടൊര്‍ണാഡോ ചുഴലിക്കാറ്റ് : 100 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ന്നു
മേഫീല്‍ഡ്: യുഎസിലെ കെന്റക്കിയില്‍ കനത്ത ദുരന്തം വിതച്ച ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റില്‍ 100 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളിയും തകര്‍ന്നു. മേഫീല്ഡിലെ ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് പള്ളിയാണ് തകര്‍ന്ന് വീണത് . അതെ സമയം , ഇവിടെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
മണിക്കൂറില്‍ 320 കിലോമീറ്ററോളം വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. കെന്റക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്. നൂറിലേറെ പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരെ ദുരന്തത്തില്‍ കാണാതായി.
കെന്റക്കിയില്മാത്രം 70 തിലേറെ പേര് മരിച്ചു. ഒരു മെഴുകുതിരി ഫാക്ടറിയിലാണ് കൂടുതല്‍ പേര് കൊല്ലപ്പെട്ടത്. ഇല്ലിനോയിസിലെ ആമസോണ്‍ സംഭരണകേന്ദ്രത്തിലെ ആറു ജീവനക്കാരും മരിച്ചു. ക്രിസ്മസ് കാലത്തെ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ രാത്രിയും സംഭരണകേന്ദ്രത്തില്‍ തുടര്‍ന്ന ജീവനക്കാരാണ് ദുരന്തത്തിനിരയായത്. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടക്കുന്നത് .