Tech

കേരളത്തിലെ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി എയര്‍ടെല്‍

“Manju”

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പകരുന്നതിനായി രാജ്യത്തെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്തു. ഡാറ്റാ സ്പീഡ് ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് എയര്‍ടെല്‍ സംസ്ഥാനത്തെ നെറ്റ്‌വര്‍ക്കില്‍ ആധുനിക നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയര്‍ ടൂളിനൊപ്പം 1800 ബാന്‍ഡില്‍ 5 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും 2300 ബാന്‍ഡില്‍ 10മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും അധികമായി വിന്യസിച്ചു. പുതുക്കല്‍ നിലവിലെ എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് മികവ് കൂടുതല്‍ ശക്തിപ്പെടുത്തും. നെറ്റ്‌വര്‍ക്ക് ലഭ്യതയും ഡാറ്റാ സ്പീഡും മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെയും കവറേജും മികച്ചതാകും. കൂടുതല്‍ ആളുകള്‍ അതിവേഗ ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഹൈവേകളിലും റെയില്‍ പാതകളിലും വിശാലമായ കവറേജ് നല്‍കാനും ഗ്രാമങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും എയര്‍ടെലിനെ പുതിയ വിന്യാസം സഹായിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നടത്തിയ ലേലത്തില്‍ എയര്‍ടെല്‍ കേരളത്തിനായി 1800, 2300, 900മെഗാഹെര്‍ട്ട്‌സ് എന്നിങ്ങനെ വലിയ ബ്ലോക്കുകള്‍ സ്വന്തമാക്കിയിരുന്നു. 1800 എഫ്ഡിഡി, 2100 എഫ്ഡിഡി, 2300 ടിഡിഡി, 900 എഫ്ഡിഡി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സ്‌പെക്ട്രങ്ങളുമായി വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിനും വേഗമേറിയ ഡാറ്റാ സേവനങ്ങള്‍ക്കും 5ജിക്കുമായി കമ്പനി ഒരുങ്ങി കഴിഞ്ഞു.

വളരെ കാലമായി കേരളത്തിലെ ഉപഭോക്താക്കളുടെ അംഗീകാരം നേടിയിട്ടുള്ള മികവിനോടും വിശ്വാസ്യതയോടും ഉള്ള അതേ പ്രതിബദ്ധതയോടെയാണ് എയര്‍ടെല്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതെന്നും ഗ്രാമീണ, നഗര ഉപഭോക്താക്കള്‍ക്ക് ഒരുപോലെ സര്‍വ്വവ്യാപിയായ കണക്റ്റിവിറ്റിയും മൊബിലിറ്റിയും നല്‍കുകയെന്ന കാഴ്ചപ്പാടാണ് തങ്ങളെ നയിക്കുന്നതെന്നും അധികമായി ചേര്‍ക്കുന്ന നെറ്റ്‌വര്‍ക്ക് വിന്യാസവും സാങ്കേതിക അപ്‌ഗ്രേഡും ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ഡാറ്റാ ആവശ്യമനുസരിച്ച് നെറ്റ്‌വര്‍ക്ക് ശേഷി മെച്ചപ്പെടുത്തുമെന്നും ഭാരതി എയര്‍ടെല്‍, കേരള, സിഒഒ മാരുത് ദില്‍വാരി പറഞ്ഞു.

പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി, ഓണ്‍ലൈന്‍ പഠനം, വീഡിയോ സ്ട്രീമിങ് തുടങ്ങിയവയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. അധിക ശേഷിയിലൂടെ ഉപഭോക്താക്കളെ കണക്റ്റഡായിരിക്കാന്‍ സഹായിക്കുകയാണ് എയര്‍ടെലിന്റെ ഇടപെടല്‍.

Related Articles

Back to top button