ഡല്‍ഹി: രാജ്യത്ത് ഫെബ്രുവരി പതിനഞ്ചോടെ കോവിഡ് കേസുകള്‍ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൂന്നാം തരംഗത്തിന്റെ തീവ്രത വാക്സിനേഷന് കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചു. 15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു.
3,06,064 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 20.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണവും സ്ഥിരീകരിച്ചു. നിലവില്‍ രോഗമുക്തി നിരക്ക് 93.07 ശതമാനമാണ്. 22,49,335 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മെട്രോകളില്‍ കൂടുതല്‍ വ്യാപനം ഉണ്ടെന്നും വിവിധ വകഭേദങ്ങള്‍ ട്രാക്ക് ചെയ്യുന്ന ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യം വ്യക്തമാക്കി.