IndiaLatest

എലികളെ കണ്ടെത്താന്‍ പൂച്ചകളുടെ പ്രത്യേക സംഘം

“Manju”

ബംഗലൂരു: സ്റ്റേഷനില്‍ ശല്യമായി മാറിയ എലികളെ പിടിക്കാന്‍ പൂച്ചകളെ നിയോഗിക്കേണ്ടി വന്നിരിക്കുകയാണ് പൊലീസുകാര്‍ക്ക്. കര്‍ണാടകയിലെ ഗൗരിബിദാനൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് കൗതുകകരമായ സംഭവം. ബംഗലൂരു നഗരത്തില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗൗരിബിദാനൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ 2014 ലാണ് നിര്‍മ്മിച്ചത്.

പ്രധാനപ്പെട്ട ഫയലുകളും രേഖകളും എലികള്‍ കടിച്ചുകീറാന്‍ തുടങ്ങിയതോടെ പൊലീസുകാരും സമ്മര്‍ദ്ദത്തിലായി. എലികളെ പിടിക്കാന്‍ പല വഴികള്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് രണ്ട് പൂച്ചകളെ സ്റ്റേഷനില്‍ ഏര്‍പ്പാടാക്കിയത്. പൂച്ചകള്‍ ഇതുവരെ മൂന്ന് എലികളെ കൊന്നതായി സബ് ഇന്‍സ്‌പെക്ടര്‍ വിജയ്കുമാര്‍ പറഞ്ഞു.

സ്റ്റേഷനിലെ പ്രധാനപ്പെട്ട ഫയലുകളും രേഖകളും എലികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. സമീപത്ത് തടാകമുള്ളതിനാല്‍ പൊലീസ് സ്‌റ്റേഷനാണ് സുരക്ഷിത താവളമായി എലികള്‍ കണ്ടെത്തിയത്. ഒരു പൂച്ചയെയാണ് ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നത്.ഇതോടെ എലികളുടെ എണ്ണം കുറഞ്ഞു. തുടര്‍ന്നാണ് അടുത്തിടെ മറ്റൊരു പൂച്ചയെ കൂടി എത്തിച്ചത്. രണ്ട് പൂച്ചകള്‍ക്കും പാലും ഭക്ഷണവും പതിവായി നല്‍കുന്നുണ്ട്. അവര്‍ ഇപ്പോള്‍ സ്റ്റേഷനിലെ കുടുംബാംഗങ്ങളായി മാറി- വിജയ്കുമാര്‍ വ്യക്തമാക്കി.

Related Articles

Back to top button