India

കുശീനഗർ വിമാനത്താവളം; ഉദ്ഘാടനം നാളെ 

“Manju”

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പുതിയ അന്താരാഷ്‌ട്ര വിമാനത്താളവമായ കുശീനഗർ എയർപോർട്ടിന്റെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. നൂറോളം ബുദ്ധ സന്യാസിമാരെ വഹിച്ചുകൊണ്ട് കൊളംബോയിൽ നിന്നെത്തുന്ന വിമാനം രാവിലെ ലാൻഡ് ചെയ്തതിന് പിന്നാലെ പത്ത് മണിയോടെ ഉദ്ഘാടനം നിർവഹിക്കാനാണ് തീരുമാനം. 260 കോടി രൂപ ചിലവിട്ടാണ് കുശീനഗറിൽ വിമാനത്താവള നിർമാണം പൂർത്തിയാക്കിയത്.

ഉത്തർപ്രദേശിലെ കുശീനഗറിൽ സ്ഥിതിചെയ്യുന്ന ബുദ്ധമത ക്ഷേത്രമാണ് പരിനിർവാണ സ്തൂപം. കുശീനഗർ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതോടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് തീർത്ഥാടനത്തിന് സഹായകമാകും. ഗൗതമ ബുദ്ധന്റെ സമാധി സ്ഥലമായാണ് പരിനിർവാണ സ്തൂപ സ്ഥിതിചെയ്യുന്ന ഇടം കണക്കാക്കുന്നത്.

എയർപോർട്ട് ഉദ്ഘാടനത്തിന് ശേഷം പരിനിർവാണ ക്ഷേത്രത്തിൽ ‘അഭിധമ്മ’ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ശ്രീലങ്ക, മ്യാന്മർ, തായ്‌ലാൻഡ്, ദക്ഷിണ കൊറിയ, നേപ്പാൾ, ഭൂട്ടാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധ സന്യാസിമാരും ചടങ്ങിൽ പങ്കാളികളാകും.

Related Articles

Back to top button