കോട്ടയം: മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ ഡോക്ടറാക്കുക എന്നത്. കോട്ടയം ബാറിലെ അഭിഭാഷകനായ ചങ്ങനാശ്ശേരി കുത്തുകല്ലുങ്കല്‍ ജോസിയുടെയും തിരുവല്ല വെണ്ണിക്കുളം ഗവ. പോളിടെക്നിക് പ്രിന്‍സിപ്പലായിരുന്ന ജെയ്നമ്മ ജോസഫിന്റെയും മകളാണ് റോസ്. കഴുത്തില്‍ സ്റ്റെതസ് കോപ്പും തൂക്കി മകള്‍ വരുന്നതു കാണാന്‍ എറെ കൊതിച്ചത് അവരായിരുന്നു. അഭിമാനകരമായ ആ നേട്ടം മകള്‍ കൈപ്പിടിയിലൊതുക്കിയപ്പോള്‍ അതു കാണാന്‍ അവരുണ്ടായിരുന്നില്ല. റോസ് ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി കരിനിഴല്‍ പടര്‍ന്നു.
അര്‍ബുദം ബാധിച്ച് ജെയ്നമ്മ പോയി. പിന്നീട് റോസിനും സഹോദരങ്ങള്‍ക്കും കൂട്ടായിരുന്നത് പിതാവായിരുന്നു. പക്ഷെ, അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് രോഗബാധിതനായി അദ്ദേഹവും വിട പറഞ്ഞു. മാതാപിതാക്കളുടെ ബന്ധുക്കളും അധ്യാപകരും കൂട്ടുകാരുമായിരുന്നു പിന്നെ ഇവര്‍ക്ക് തുണ. ”മാതാപിതാക്കളില്ലെന്ന് കരുതി വേദനിക്കാനോ ഒറ്റപ്പെടാനോ അനുവദിച്ചിട്ടില്ല ആരും. അമ്മയുടെയും അച്ചാച്ചന്റെയും ആഗ്രഹം നേടിയെടുത്തപ്പോള്‍ കാണാന്‍ അവരില്ലല്ലോ എന്ന സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ -റോസ് പറയുന്നു.
സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കന്റ സ്കൂളിലാണ് ഒന്നാംക്ലാസുമുതല്‍ 12 വരെ പഠിച്ചത്. തുടര്‍ന്ന് പാലാ ബ്രില്ല്യന്റ്സില്‍ പരിശീലനം. പാലക്കാട് പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന റോസിന് എം.ബി.ബി.എസ് ഒന്നും മൂന്നും വര്‍ഷങ്ങളില്‍ മൂന്നാംറാങ്കും രണ്ടാംവര്‍ഷം ഒന്നാംറാങ്കും ലഭിച്ചു. പരീക്ഷസമയത്ത് മെനക്കെട്ടിരുന്നു പഠിക്കുന്നതാണ് റോസിന്റെ രീതി. റാങ്ക് നേട്ടം അറിഞ്ഞപ്പോള്‍ നടന് മോഹന്‍ലാല്‍ വിളിച്ചത് വിസ്മയമായി. ഒരിക്കല്‍ നേരില്‍ കാണാമെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന റോസിന് പി.ജി ചെയ്യാനാണ് ആഗ്രഹം. അമ്മയുടെ സഹോദരിയും അഗ്രിക്കള്‍ചറല്‍ ഓഫിസറുമായിരുന്ന ജെസിയമ്മ ജോസഫിനൊപ്പം തൃശൂരിലാണ് റോസിന്റെയും സഹോദരങ്ങളുടെയും താമസം. സഹോദരന് അലക്സ് ജോസഫ് ചെന്നൈ ടി.സി.എസില്‍ ജോലി ചെയ്യുന്നു. അനിയത്തി അന്ന ജോസി തൃശൂര്‍ ഹോളിഫാമിലി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.