Latest

ഇന്ത്യയില്‍ ഇനിയും പുതിയ കൊവി‌ഡ് വകഭേദങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍

“Manju”

ന്യൂഡല്‍ഹി: കൃത്യമായ ആസൂത്രണമില്ലാത്ത വാക്‌സിനേഷന്‍ നടപടികള്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ക്ക് കാരണമാകുമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. എയിംസിലെ ഡോക്‌ടര്‍മാരും കൊവിഡ് ദേശീയ ദൗത്യ സംഘത്തിലെ വിദഗ്‌ദ്ധരുമാണ് ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിവേചനമില്ലാത്തതും മതിയായ ആസൂത്രണമില്ലാത്തതുമായ വലിയ വാക്‌സിനേഷന്‍ ക്യാമ്പെയിനുകള്‍ നടത്തിയാല്‍ ഒത്തുകൂടുന്ന ജനങ്ങളില്‍ നിന്ന് പുതിയ കൊവിഡ് വകഭേദമുണ്ടാകും.

ഇന്ത്യന്‍ പൊതുജനാരോഗ്യ സംഘടന(ഐ‌പി‌എച്ച്‌എ), ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് പ്രിവെന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ (ഐ‌എപി‌എസ്‌എം), ഇന്ത്യന്‍ രോഗപര്യവേക്ഷകരുടെ സംഘടന (ഐഎ‌ഇ) എന്നീ സംഘടനയിലെ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ രോഗം എളുപ്പം പിടിപെടാവുന്നവരെയും മറ്റ് രോഗങ്ങളുള‌ളവരെയുമാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പ് നല്‍കി സുരക്ഷിതരാക്കേണ്ടത്. കുട്ടികള്‍ക്കും ഇക്കൂട്ടത്തില്‍ വാക്‌സിന്‍ നല്‍കണം അതല്ലാത്ത ബൃഹദ് വാക്‌സിനേഷന്‍ ക്യാമ്പെയിനുകള്‍ ദോഷം മാത്രമേ ചെയ്യൂ.

ഒരിക്കല്‍ കൊവിഡ് വന്നവ‌ര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ല. ഇവരില്‍ രോഗബാധയ്‌ക്ക് ശേഷം വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ വാക്‌സിനേഷന്‍ നടപ്പാക്കാവൂ. ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാകണം. ഉദാഹരണത്തിന് ഒരു പ്രദേശത്ത് കൊവിഡ് ഡെല്‍റ്റാ വകഭേദം ശക്തമാണെങ്കില്‍ കൊവിഷീല്‍ഡ് രണ്ടാംഘട്ട വാക്‌സിനേഷന്റെ ഇടവേള കുറയ്‌ക്കാം.

കൊവിഡ് രോഗത്തിനെതിരെ ശക്തമായ ആയുധമാണ് വാക്‌സിനെന്നും അവ കൃത്യമായ ഇടവേളയില്‍ ഫലപ്രദമായ തരത്തില്‍ നല്‍കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധര്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നത് നല്ലതെന്ന് തോന്നുമെങ്കിലും രാജ്യത്തെ കൊവിഡ് മരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് കുറയ്‌ക്കുന്ന തരത്തിലുള‌ള വാക്‌സിനേഷനാണ് നല്ലത്.

ജില്ലകള്‍ തിരിച്ച്‌ കൊവിഡ് സിറോ സര്‍വെകള്‍ നടത്തുന്നത് രണ്ടാംഘട്ട വ്യാപനത്തിന്റെ യഥാ‌ര്‍ത്ഥ ചിത്രം വെളിവാക്കാന്‍ സഹായിക്കും. രണ്ടാംഘട്ട വ്യാപനത്തില്‍ വിവിധ തരം കൊവിഡ് വകഭേദങ്ങള്‍ രാജ്യത്ത് പ്രബലമാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റ് ഉയര്‍ന്ന രോഗനിരക്കുള‌ള രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ ജനസംഖ്യയില്‍ 1000 പേരില്‍ ഒരു ശതമാനം പേരില്‍ ജീനോം പഠനം നടത്തി. 5 ശതമാനമെങ്കിലും ജീനോ പഠനം നടത്തണം. ഇത് വലിയൊരു കടമ്പയാണ്. എന്നാല്‍ മൂന്ന് ശതമാനത്തിലെങ്കിലും ഇത്തരത്തില്‍ പഠനം നടത്തണം.

രാജ്യത്തെ ഗ്രാമങ്ങളിലും അര്‍ത്ഥ നഗരങ്ങളിലും മതിയായ പരിശോധനാ സംവിധാനത്തിന്റെ കുറവുണ്ട്. ഇത് തീ‌ര്‍ച്ചയായും പരിഹരിക്കണം. റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റുകള്‍ നിലവില്‍ വളരെ കുറവാണ്. ശരിയായ കൊവിഡ് കണക്ക് അറിയാന്‍ ഇവ ഫലപ്രദമാണ്. അല്ലാത്ത പക്ഷം യഥാ‌ര്‍ത്ഥ രോഗികളെ കണ്ടെത്താതെ പോകാന്‍ സാദ്ധ്യതയുണ്ട്. ഏതെങ്കിലും ജില്ലകളില്‍ സീറോപ്രിവലന്‍സ് സര്‍വെ ഫലം 70 ശതമാനമാണെങ്കില്‍ അവിടെ വാക്‌സിനേഷന്‍ വേണ്ട, സാധാരണ ജീവിതം ആകാവുന്നതാണ്. വാക്‌സിനേഷന്‍ വേഗം കൂട്ടി നടപ്പാക്കിയാല്‍ നിലവിലെ മരണനിരക്കിലെങ്കിലും കുറവ് വരുത്താനും ക്രമേണ രോഗത്തെ പ്രതിരോധിക്കാനും രാജ്യത്തിന് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അറിയിക്കുന്നത്.

Related Articles

Back to top button